കീവ് : ഉക്രെയ്നിനെതിരെ വൻ വ്യോമാക്രമണം നടത്തി റഷ്യ. ഇതിനെ തുടർന്ന് വൈദ്യുതി വിതരണം നിർത്താൻ രാജ്യം നിർബന്ധിതമായിയെന്ന് ഉക്രെയ്ൻ ഊർജ്ജ മന്ത്രി ഹെർമൻ ഹാലുഷ്ചെങ്കോ അറിയിച്ചു. കൂടാതെ നിലവിലുള്ള ഭീഷണിക്കിടയിൽ താമസക്കാർ അഭയകേന്ദ്രങ്ങളിൽ തുടരാനും ഔദ്യോഗിക അപ്‌ഡേറ്റുകൾ പിന്തുടരാനും അദ്ദേഹം അഭ്യർത്ഥിച്ചു.
ഖാർകിവ്, സുമി, പോൾട്ടാവ, സപോരിഷിയ, ഡിനിപ്രോപെട്രോവ്സ്ക്, കിറോവോഹ്രാഡ് മേഖലകളിൽ അടിയന്തര വൈദ്യുതി തടസ്സങ്ങൾ ഉണ്ടായതായി സംസ്ഥാന ഊർജ്ജ കമ്പനിയായ ഉക്രെനെർഗോ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പുലർച്ചെ പടിഞ്ഞാറൻ ലിവിവ് മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തിയതായി നഗര മേയർ ആൻഡ്രി സഡോവി പറഞ്ഞു.
അതേ സമയം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യവ്യാപകമായ വ്യോമാക്രമണ മുന്നറിയിപ്പിനിടെ റഷ്യ വിക്ഷേപിച്ച ഒന്നിലധികം മിസൈലുകൾ ഉക്രെയ്നിന്റെ വ്യോമസേന കണ്ടെത്തിയിരുന്നു. തുടർന്നുള്ള പ്രാഥമിക റിപ്പോർട്ടുകളിൽ നാശനഷ്ടങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല.