• Tue. Nov 19th, 2024

24×7 Live News

Apdin News

റഷ്യയെ ആക്രമിക്കാന്‍ യുഎസ് മിസൈല്‍ ; ഉക്രയ്‌ന്‌ അനുമതി നൽകി ബൈഡൻ | World | Deshabhimani

Byadmin

Nov 19, 2024




വാഷിങ്ടണ്‍

യുദ്ധസഹായമായി അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച്‌ റഷ്യയെ ആക്രമിക്കാൻ ഉക്രയ്‌ന്‌ അനുമതി നൽകി ജോ ബൈഡൻ. റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തിന്‌ ചൊവ്വാഴ്ച 1000 ദിവസം തികയുന്ന അവസരത്തിലാണ്‌  അമേരിക്കൻ പ്രസിഡന്റിന്റെ നയം മാറ്റം. 306 കിലോമീറ്റർവരെ അകലെയുള്ള ലക്ഷ്യം വേധിക്കാകുന്ന ആർമി ടാക്ടിക്കൽ മിസൈൽ സിസ്‌റ്റം ഉപയോഗിക്കാനാണ്‌ അനുമതി നൽകിയത്‌. ഇതോടെ, അടുത്ത ദിവസംതന്നെ ഉക്രയ്‌ൻ റഷ്യയിലേക്ക്‌ വൻ ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തമായി.

അമേരിക്ക നൽകിയ ദീർഘദൂര മിസൈൽ ഉക്രയ്‌ൻ റഷ്യക്കെതിരെ പ്രയോഗിക്കുന്നത്‌ യുദ്ധത്തിൽ അമേരിക്കയും നാറ്റോയും പ്രത്യക്ഷ ഇടപെടൽ നടത്തുന്നതായ പ്രതീതി ഉണ്ടാക്കുമെന്നായിരുന്നു ഇതുവരെ ബൈഡന്റെ നിലപാട്‌.  ഈ നയമാണ്‌ ജനുവരി 20ന്‌ ഡോണൾഡ്‌ ട്രംപ്‌ അധികാരമേൽക്കാനിരിക്കെ ബൈഡൻ തിരുത്തിയത്‌. അധികാരത്തിലെത്തിയാൽ റഷ്യ–- ഉക്രയ്‌ൻ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. റഷ്യക്കുവേണ്ടി ഉത്തര കൊറിയൻ സൈനികർ യുദ്ധത്തിനിറങ്ങിയതായും അമേരിക്ക അടുത്തിടെ ആരോപിച്ചിരുന്നു.

പുതിയ തീരുമാനത്തിൽ വൈറ്റ്‌ ഹൗസ്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മിസൈലുകൾ സ്വയം സംസാരിക്കുമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി പറഞ്ഞു. റഷ്യക്കുള്ളിലെ സൈനികതാവളങ്ങൾ ആക്രമിക്കാൻ ദീർഘദൂര മിസൈൽ ഉപയോഗിക്കാൻ അനുവദിക്കണമെന്നത്‌ ഉക്രയ്‌ന്റെ ദീർഘകാല ആവശ്യമായിരുന്നു.

ബൈഡന്റെ തീരുമാനം യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന്‌ റഷ്യൻ വക്താവ്‌ ദിമിത്രി പെസ്കോവ്‌ പറഞ്ഞു. നാറ്റോ അംഗമായ അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും റഷ്യയുമായി നേരിട്ട്‌ യുദ്ധത്തിലാണെന്ന്‌ കണക്കാക്കേണ്ടി വരുമെന്നും പറഞ്ഞു.  മൂന്നാംലോകയുദ്ധത്തിനായുള്ള ബൈഡന്റെ അപ്രതീക്ഷിത ചുവടുവയ്പാണിതെന്ന വിമർശവും വിവിധ റഷ്യൻ നേതാക്കൾ ഉയർത്തി. ആണവശേഷിയുള്ള രാജ്യങ്ങൾ റഷ്യക്കെതിരെ പ്രയോഗിക്കാൻ ഉക്രയ്‌ന്‌ ആയുധം നൽകുന്നത്‌ നേരിട്ടുള്ള ആക്രമണമായി കണക്കാക്കുമെന്ന്‌ പുടിൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ ആണവായുധം പ്രയോഗിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കുകയും ചെയ്തു.

അതിനിടെ, ഉക്രയ്‌ന്റെ വടക്കൻ നഗരമായ സുമിയിൽ ഞായർ വൈകിട്ട്‌ റഷ്യ നടത്തിയ ബാലിസ്‌റ്റിക്‌ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 84 പേർക്ക്‌ പരിക്കേറ്റു. 15 കെട്ടിടങ്ങൾ തകർന്നു. സെലൻസ്കി റഷ്യൻ അതിർത്തിയിലെ സൈനിക പോസ്‌റ്റുകൾ സന്ദർശിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin