ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു കൊണ്ട് ഉത്തരവിറങ്ങി. കുക്കു പരമേശ്വരനെ വൈസ് ചെയര്‍പേഴ്‌സണായും നിയമിച്ചു. സി. അജോയ് ആണ് സെക്രട്ടറി. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.
26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി എസ് വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍. മൂന്നുവര്‍ഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി.
രഞ്ജിത്ത് ചെയര്‍മാന്‍ ആയിട്ടുള്ള ഭരണസമിതി 2022 ജനുവരിയിലാണ് അധികാരത്തില്‍ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രഞ്ജിത്ത് രാജി വെച്ചൊഴിയുകയായിരുന്നു. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.