പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.
പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.