വാരണാസി ; റാഫേൽ യുദ്ധവിമാനത്തെ പരിഹസിച്ച യുപി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു . പഹൽഗാം ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, അജയ് റായ് ചേത്ഗഞ്ചിലെ തന്റെ വസതിയിലെ ഓഫീസിൽ പത്രസമ്മേളനം നടത്തിയ വേളയിലാണ് റാഫേൽ യുദ്ധവിമാനത്തെ പരിഹസിച്ചത് . ഒരു കളിപ്പാട്ട ഹെലികോപ്റ്ററിൽ നാരങ്ങയും മുളകും തൂക്കി വച്ചാണ് അജയ് റായ് റാഫേലിനെ കളിയാക്കിയത് . അതുകൊണ്ട് തന്നെ അജയ് റായ് പാക്കിസ്ഥാൻ മാധ്യമങ്ങളിൽ ഒറ്റരാത്രികൊണ്ട് വൈറലായി.
ദേശീയ ഹിന്ദു ശക്തി വാഹിനി പ്രസിഡൻ്റ് പ്രദീപ് ഗുപ്തയാണ് അജയ് റായിക്കെതിരെ ചേത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സമാധാനം തകർക്കുന്നതിനും തെറ്റായ വിവരങ്ങൾ, കിംവദന്തികൾ പ്രസിദ്ധീകരിച്ചതിനും ഐപിസി സെക്ഷൻ 107 (1), സെക്ഷൻ 353 (2) എന്നിവ പ്രകാരം അജയ് റായിക്കെതിരെ പോലീസ് കേസെടുത്തു.അജയ് റായ് റഫേൽ വിമാനത്തെയും ഇന്ത്യൻ സൈന്യത്തെയും പരിഹസിച്ചുവെന്ന് പ്രദീപ് ഗുപ്ത പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം പ്രതിപക്ഷം നിരന്തരം തകർത്തുകൊണ്ടിരിക്കുകയാണ്. അവരുടെ നേതാക്കൾ തുടർച്ചയായി തെറ്റായ പ്രസ്താവനകൾ നടത്തിവരികയാണ് – പ്രദീപ് ഗുപ്ത പറഞ്ഞു.