
ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാനികളോ ബംഗ്ലാദേശിലെ ഭീകരഗ്രൂപ്പുകളോ തലസ്ഥാനനഗരിയില്‍ ഉള്‍പ്പെടെ ഭീകരാക്രമണം നടത്തിയേക്കുമെന്ന് രഹസ്യസേനകളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതീവജാഗ്രതയില്‍. ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യവും തലവേദന സൃഷ്ടിക്കുന്നു. തലസ്ഥാനനഗരിയായ ദല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് സുരക്ഷ ഉറപ്പിക്കുന്നതിനുള്ള മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചു. നഗരങ്ങളിലെയും പ്രധാന സ്ഥലങ്ങളിലെയും സുരക്ഷയ്‌ക്ക് കണ്ണും കാതും ആയി പ്രവര്‍ത്തിക്കേണ്ടത് ജനങ്ങളാണെന്ന സന്ദേശം നല്‍കാന്‍ ഐയ്സ് ആന്‍റ് ഇയേഴ്സ് എന്ന പേരിലാണ് മോക് ഡ്രില്ലും സുരക്ഷാബോധവല്‍ക്കരണപരിപാടികളും നടത്തുന്നത്. ദല്‍ഹിയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഭീകരാക്രമണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരവധി സ്ഥലങ്ങളില്‍ കാവല്‍ ശക്തമാക്കിയിട്ടുണ്ട്. വിദേശ ഖലിസ്ഥാനി ഗ്രൂപ്പുകള്‍ പഞ്ചാബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തലവന്മാരെ ആക്രമണത്തിന് ഉപയോഗിച്ചേക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്‌ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ലോക്കല്‍ ക്രിമിനല്‍ സംഘങ്ങളെയും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സജീവമാണെന്ന് പറയപ്പെടുന്നു. ഇവര്‍ വിദേശത്തെ ഖലിസ്ഥാന്‍ ഗ്രൂപ്പുകളുടെ ചട്ടുകളങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ പറയുന്നു.
ഭീകരാക്രമണത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി തലസ്ഥാന നഗരിയിലും മറ്റ് നഗരങ്ങളിലും മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചുതുടങ്ങി. ഒരു ഭീകരാക്രമണസമയത്ത് എങ്ങിനെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കാണിച്ചുതരുന്നതാണ് മോക് ഡ്രില്ലുകള്‍. സുരക്ഷാ ഏജന്‍സികളെ മാത്രമല്ല, പൊതുജനങ്ങളെയും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കുന്നതാണ് ഇത്തരം മോക് ഡ്രില്ലുകള്‍.
റിപ്പബ്ലിക് ദിനത്തിന്റെ തലേനാള്‍ ജനവരി 25ന് രാഷ്‌ട്രപതിയുടെ പ്രസംഗമാണ് പ്രധാന ചടങ്ങ്. റിപ്പബ്ലിക് ദിനമായ ജനവരി 26ന് രാഷ്‌ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ അവസാനിക്കുന്ന സൈനിക പരേഡാണ് മറ്റൊരു പ്രധാന ചടങ്ങ്. ഇതില്‍ പ്രധാമന്ത്രിയും പ്രധാന അതിഥിയും പങ്കെടുക്കും. ഇക്കുറി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റയും ആണ് മുഖ്യാതിഥികള്‍.