ന്യൂഡല്‍ഹി : പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ച് ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു. ജനുവരിയിൽ മൈക്കൽ പത്ര സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് പൂനം ഗുപ്ത എത്തുന്നത്. മൂന്നുവർഷത്തേക്കാണ് പൂനം ഗുപ്തയെ റിസർവ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രിസഭാ യോഗമാണ് പൂനം ഗുപ്തയുടെ നിയമനം ശരിവെച്ചത്. ഐഎംഎഫിലും ലോക ബാങ്കിലും വാഷിംഗ്ടൺ ഡിസിയിൽ അടക്കം പ്രവർത്തിച്ച് പരിചയമുള്ള പ്രതിഭാശാലിയാണ് പൂനം ഗുപ്ത. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും, മേരി ലാൻഡ് സർവ്വകലാശാലയിലും അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിലും അംഗമായ പൂനം പതിനാറാം ധനകാര്യ കമ്മീഷന്റെ ഉപദേശക കൗൺസിൽ കൺവീനറും ആണ്.