പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ റീനയുടെയും പെണ്‍കുട്ടികളെയും ഇതുവരെ കണ്ടെത്താനായില്ല.തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവര്‍ എങ്ങോട്ട് പോയി എന്ന് കണ്ടെത്താനായിട്ടില്ല. കാണാതായ ആഗസ്റ്റ് പതിനേഴാം തീയതി തൃശൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചെങ്കിലും അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, റീനയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതില്‍ പൊലീസിനെതിരെ കുടുംബം ഉടന്‍ എസ്പിക്ക് പരാതി നല്‍കും.കേസന്വേഷണത്തിന്റെ പേരില്‍ അനീഷിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.
ഭാര്യയെയും മക്കളെയും കാണാതായി രണ്ട് ദിവസം കഴിഞ്ഞാണ് അനീഷ് വിവരം അറിയിച്ചതെന്ന് റീനയുടെ കുടുംബം പറഞ്ഞത് പ്രകാരം ആയിരുന്നു പൊലീസിന്റെ ആദ്യ അന്വേഷണം.നിരണത്തെ വാടകവീട്ടില്‍ നിന്നും തിരുവല്ല നഗരത്തില്‍ എത്തിയ റീനയുടെയും മക്കളുടെയും സിസിടിവി ദൃശ്യം പൊലീസിന് കിട്ടി. തുടര്‍ന്ന് തൃശൂര്‍ ഭാഗത്ത് ഇവര്‍ എത്തിയെന്ന സൂചന ലഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
എന്നാല്‍ ഈ കേസില്‍ അനീഷിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും ദുരൂഹത ഏറെയുള്ള കേസാണെന്നും പ്രത്യേക അന്വേഷണസംഘം വെളിപ്പെടുത്തി. റീനയും അനീഷും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.നേരത്തേ കോടതി വരെ എത്തിയ തര്‍ക്കം പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.