കൊച്ചി മോഹന്‍ലാല്‍രഞ്ജിത്ത് കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രം ‘രാവണപ്രഭു’ വീണ്ടും തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. 4കെ അറ്റ്‌മോസ് പതിപ്പില്‍ പുതുക്കിയ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയതോടെ ആരാധകര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്.
എറണാകുളം കവിത തിയറ്ററിലെ ആഘോഷദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകര്‍ ബാനറുകള്‍, പാട്ടുകള്‍, ഫയര്‍വര്‍ക്ക്സ് എന്നിവയുമായി സിനിമയെ ഉത്സവമാക്കി മാറ്റി. സംസ്ഥാനത്തും വിദേശത്തുമുളള 170-ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
മംഗലശ്ശേരി നീലകണ്ഠനും എം.എന്‍. കാര്‍ത്തികയും ജാനകിയും വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, പുതുതലമുറ പ്രേക്ഷകരും ആവേശത്തോടെ ചിത്രത്തെ സ്വീകരിച്ചു.
മുന്‍പ് മണിച്ചിത്രത്താഴ്, ദേവദൂതന്‍, ഛോട്ടാ മുംബൈ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീ റിലീസിനും വന്‍ പ്രതികരണം ലഭിച്ചിരുന്നു. അതേ ആവേശം തന്നെയാണ് ‘രാവണപ്രഭു’യ്ക്കും ലഭിക്കുന്നത്.
2001-ല്‍ പുറത്തിറങ്ങിയ ‘രാവണപ്രഭു’, ഐ.വി. ശശി സംവിധാനം ചെയ്ത 1993-ലെ ‘ദേവാസുരം’ എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. രഞ്ജിത്ത് തന്നെ കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചതാണ്.
നെപ്പോളിയന്‍, ഇന്നസെന്റ്, സിദ്ദിഖ്, വിജയരാഘവന്‍, വസുന്ധര ദാസ്, രേവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ 4കെ പുനരാവിഷ്‌കാരം മാറ്റിനി നൗ ആണ് ഒരുക്കിയത്.