
കൊച്ചി: അവിഹിതം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് സുധ ബേബിയെ(45) കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തളളാന്‍ 62കാരനെ പ്രേരിപ്പിച്ചതെന്ന് വിവരം.സുധയുടെ മാതാവ് ആയ ഹൈക്കോടതി ജീവനക്കാരിയുടെ സുഹൃത്താണ് പ്രതിയായ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച വൈറ്റില പൊന്നുരുന്നി കണ്ടത്തറ വീട്ടില്‍ ഷാജി.
എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം മൂലക്കളത്തില്‍ സുധാ ബേബി വിവാഹ മോചിതയായ ഘട്ടത്തിലാണ് ഷാജിയുമായി സൗഹൃദം തുടങ്ങിയത്. ഈ ബന്ധം പിന്നീട് വളര്‍ന്നു.എന്നാല്‍ ഇടയ്‌ക്ക് ബന്ധം ഉലഞ്ഞപ്പോള്‍ അവിഹിതം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുധയെ ഒഴിവാക്കാന്‍ ഷാജി തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വൈറ്റില ഫ്ളൈഓവറിനു താഴെ റെയില്‍പ്പാളത്തിന് സമീപമാണ് കൊലപാതകം.ട്രെയിന്‍ തട്ടിയുള്ള മരണമാക്കാന്‍ ആസൂത്രണം ചെയ്ത പ്രതിയെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാകും മുമ്പ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി.
സുധ ബേബിയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കുറെക്കാലമായി സുധാ ബേബിയെ ഒഴിവാക്കണമെന്ന് പ്രതി തീരുമാനിച്ചിരുന്നു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചു തന്നെയാണ് യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചത്. തല നിലത്തിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതിരുന്ന ട്രാക്കാണ് ഇതെന്ന് പ്രതിക്ക് മനസിലാക്കാനായില്ല.
പൂത്തോട്ടയില്‍ നിന്ന് സുധാ ബേബിയെ വൈറ്റില ഫ്ലൈഓവറിന് താഴെ എത്തിച്ച ഷാജി കാറില്‍ നിന്നിറങ്ങാന്‍ തയാറാകാതിരുന്നപ്പോള്‍ ബലം പ്രയോഗിച്ച് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. ബോധരഹിതയായ യുവതിയെ ട്രെയിന്‍ തട്ടി മരണം ഉറപ്പാക്കാന്‍ ട്രാക്കില്‍ ഉപേക്ഷിച്ച് കടന്നു . തലയ്‌ക്കേറ്റ മര്‍ദ്ദനത്തില്‍ സുധ നേരത്തെ മരിച്ചിരുന്നു. രാത്രി 1.45ഓടെ അമൃത എക്‌സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിന് സമീപം മൃതദേഹം കണ്ട് റെയില്‍വേ അധികൃതരെ വിവരമറിയിച്ചത്.
മൃതദേഹത്തിന് സമീപം നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണും സി.സി ടിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇരുവരും റെയില്‍പ്പാളത്തിന് സമീപം എത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഷാജിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.