• Sat. Dec 6th, 2025

24×7 Live News

Apdin News

റെയില്‍വെയുടെ സുപ്രധാന തീരുമാനം: മുതിര്‍ന്ന പൗരന്മാര്‍ക്കും ദിവ്യാംഗര്‍ക്കും ഗര്‍ഭിണികള്‍ക്കും ലോവര്‍ ബെര്‍ത്തുകള്‍

Byadmin

Dec 6, 2025



ന്യൂദല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍, 45നു മുകളിലുള്ള സ്ത്രീകള്‍, ദിവ്യാംഗര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ട്രെയിനുകളില്‍ ലോവര്‍ ബെര്‍ത്തുകള്‍ ഉറപ്പായി അനുവദിക്കുന്നതടക്കം റെയില്‍വെ നിരവധി സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ആവശ്യപ്പെട്ടില്ലെങ്കില്‍പ്പോലും ലോവര്‍ ബെര്‍ത്തുകള്‍ അനുവദിക്കുന്നതില്‍ അവര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.

മുതിര്‍ന്ന പൗരന്മാര്‍ക്കും 45നു മുകളിലുള്ള സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും സ്ലീപ്പര്‍ ക്ലാസില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും എസി ത്രീ ടയറില്‍ ഓരോ കോച്ചിലും നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും എസി ടു ടയറില്‍ ഓരോ കോച്ചിലും മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും മാറ്റിവയ്‌ക്കും.

രാജധാനി, ശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പെടെ എല്ലാ മെയില്‍/എക്സ്പ്രസ് ട്രെയിനുകളിലും ദിവ്യാംഗര്‍ക്കും അവരുടെ സഹയാത്രികര്‍ക്കും സ്ലീപ്പര്‍ ക്ലാസില്‍ നാല് ബെര്‍ത്തുകള്‍ (രണ്ട് ലോവര്‍, രണ്ട് മിഡില്‍) മാറ്റിവയ്‌ക്കും. ത്രീ എസി, ത്രീ ഇയില്‍ നാല് ബെര്‍ത്തുകള്‍ (രണ്ട് ലോവര്‍, രണ്ട് മിഡില്‍), റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിങ്ങില്‍ നാലു സീറ്റുകള്‍ നീക്കിവയ്‌ക്കും. എസി ചെയര്‍ കാറില്‍ ഒഴിവുള്ള ലോവര്‍ ബെര്‍ത്തുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ദിവ്യാംഗര്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണനാക്രമത്തില്‍ അനുവദിക്കും.

മിക്കവാറും എല്ലാ മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലും ദിവ്യാംഗര്‍ക്കായി പ്രത്യേക കമ്പാര്‍ട്ട്മെന്റ് നീക്കിവച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. ഈ കോച്ചുകളില്‍ വിശാലമായ പ്രവേശന വാതിലുകള്‍, ബെര്‍ത്തുകള്‍, കമ്പാര്‍ട്ട്മെന്റുകള്‍, വലിയ ടോയ്ലറ്റ്, വീല്‍ ചെയര്‍ പാര്‍ക്കിങ് ഏരിയ മുതലായവയുണ്ട്. ടോയ്ലറ്റുകളില്‍ വശങ്ങളിലെ ചുമരുകളില്‍ അധിക ഗ്രാബ് റെയിലുകളും വാഷ് ബേസിനും അനുയോജ്യമായ ഉയരത്തില്‍ കണ്ണാടിയും ലഭ്യമാണ്. കാഴ്ച വൈകല്യമുള്ള യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി, ബ്രെയില്‍
ലിപികള്‍ക്കൊപ്പം സൂപ്പര്‍ ഇംപോസ് ചെയ്ത സംയോജിത ബ്രെയില്‍ ചിഹ്നങ്ങളും നല്കിയിട്ടുണ്ട്, കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

By admin