കൊച്ചി: ലക്ഷദ്വീപിലെ റോഡരികിലുള്ള തെങ്ങിൽ നിന്ന് തേങ്ങ പറിക്കുന്നതിന് മുൻപ് അനുമതി തേടണമെന്ന് ഉത്തരവ്. ആന്ത്രോത്ത്, കൽപേനി ദ്വീപുകൾക്കാണ് ഉത്തരവ് ബാധകമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. അനുമതിക്കായി നിശ്ചിത ഫോമിൽ 24 മണിക്കൂറിന് മുൻപ് എസ്എച്ച്ഒയ്‌ക്കും റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർക്കും (എഇ) അപേക്ഷ നൽകണം.
റോഡിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു ഉത്തരവെന്നാണ് വിശദീകരണം.ഇക്കാര്യത്തിൽ നേരത്തെ വാക്കാൽ നിർദേശം നൽകിയെങ്കിലും പാലിക്കാതെ വന്നതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. റോഡരികിലെ തെങ്ങിലെ തേങ്ങ ഇടുന്നത് പലപ്പോഴും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്.
പൊതുശല്യമാകുന്നതിനെതിരെ ഭാരതീയ സുരക്ഷാ സംഹിതയിലെ വകുപ്പ് 152 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചേ തെങ്ങിൽ കയറാവൂവെന്നും നിർദേശം ഉണ്ട്.