
നടപ്പാതയിൽ സ്കൂട്ടറോടിച്ചയാളെ തടഞ്ഞ് വയോധിക. കോഴിക്കോട് എരഞ്ഞിപ്പാലം ഭാഗത്താണ് റോഡിലെ തിരക്കിൽ നിന്ന് മാറി എളുപ്പവഴി കണ്ടെത്തി നടപ്പാതയിലൂടെ ഇരുചക്രവാഹനമോടിച്ചയാളെ വയോധിക തടഞ്ഞത്. നടപ്പാതയിലൂടെയല്ല വാഹനമോടിക്കേണ്ടതെന്ന് വയോധിക സ്കൂട്ടർ യാത്രക്കാരനോട് പറയുന്നതും വീഡിയോയിൽ കാണാം. സ്കൂട്ടർ യാത്രക്കാരൻ പിൻമാറാത്തതിനെത്തുടർന്ന് വഴിതടയുന്ന വയോധിക തന്റെ മൊബൈൽ ഫോണെടുത്ത് നിയമ ലംഘകന്റെ ചിത്രം പകർത്താൽ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഒടുവിൽ വയോധികയ്‌ക്ക് മുന്നിൽ പരാജയം സമ്മതിച്ച് സ്കൂട്ടർ യാത്രക്കാരന് മുന്നോട്ടുള്ള യാത്രയ്‌ക്കായി റോഡ് തന്നെ തിരഞ്ഞെടുക്കേണ്ടിവന്നു. സമീപത്തുള്ള കെട്ടിടത്തിനിറെ മുകളിൽ നിന്ന് ചിത്രീകരിച്ചതായി കാണപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.’ഈ അമ്മയെ അറിയുന്നവർ കമൻ്റ് ബോക്സിൽ ഞങ്ങളെ അറിയിക്കുമല്ലോ’ എന്ന് കുറിച്ചുകൊണ്ട് എംവിഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജും വീഡിയോ പങ്കുവച്ചിട്ടുണ്ട്. മറ്റ് ഇരുചക്ര വാഹനങ്ങളും എളുപ്പവഴിയാക്കായി നടപ്പാത ഉപയോഗിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.