ചിറയിന്‍കീഴ്: തകര്‍ന്നു വീഴാറായ ചിറയിന്‍കീഴ് ലക്ഷമീപുരം മാര്‍ക്കറ്റ് പൊളിച്ചു മാറ്റല്‍ വിവാദത്തില്‍. കോണ്‍ട്രാക്ട് പിടിച്ചവര്‍ കാശടയ്‌ക്കാതെ മുങ്ങുകയും തുടര്‍ ലേലങ്ങളില്‍ ബിനാമികളെ ഉപയോഗിച്ച് ലേലം പിടിച്ച് അതിന്റെയും തുകയടക്കാതെ മുടക്കുന്നതായാണ് ആരോപണം.
കഴിഞ്ഞ മാസമാണ് അപകടഭീതി ഉയര്‍ത്തി തകര്‍ന്നു വീഴാറായ വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു നീക്കുന്നതിനായി നോട്ടീസ് നല്‍കിയത്. ഇതോടെ ചിറയിന്‍കീഴിലെ ഇടതുപ്രവര്‍ത്തകനും പൊളിച്ചു മാറ്റല്‍ ലോബികളും രംഗപ്രവേശം നടത്തി. ലേലത്തില്‍ പങ്കെടുത്തവരാരും ലേലം വിളിക്കാതിരിക്കുകയും ഒരു കോണ്‍ട്രാക്ടര്‍ ഒരു ലക്ഷത്തി ഇരുപത്തൊമ്പതിനായിരം രൂപയ്‌ക്ക് ലേലം കൈക്കലാക്കുകയും ചെയ്തു. ലേലത്തിനെത്തിയ മറ്റുള്ളവര്‍ ലേലത്തില്‍ പങ്കെടുക്കാതിരക്കാന്‍ പ്രതിഫലം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.
നിയമമനുസരിച്ച് പഞ്ചായത്ത് സമിതി അംഗീകരിച്ചാല്‍ മാത്രമേ ലേലം ഉറപ്പിക്കുകയുള്ളു. എന്നാല്‍ പണ്ടകശ്ശാല മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു മാറ്റിയത് 7 ലക്ഷത്തിന് മുകളിലായിരുന്നുവെന്നും അതിനേക്കാള്‍ വലിപ്പമുള്ള രണ്ടു കെട്ടിടങ്ങള്‍ അടങ്ങുന്ന വലിയ കട മാര്‍ക്കറ്റ് തുശ്ചമായ തുകയ്ക് നല്‍കേണ്ടന്നും പ്രതിപക്ഷ പാര്‍ട്ടി മെമ്പര്‍മാര്‍ വാദിച്ചതിനെ തുടര്‍ന്ന് ലേലം അസാധുവാക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ലേലത്തില്‍ വയ്‌ക്കുകയും പത്തു ലക്ഷത്തി രണ്ടായിരത്തിനും, പത്തു ലക്ഷത്തി ആയിരത്തിനും ഒന്നും രണ്ടും സ്ഥാനത്തു വന്നവര്‍ ലേലം വിളിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് സമിതി ലേലം ഉറപ്പിച്ചപ്പോള്‍ ലേലവിളിച്ചവര്‍ തുക കെട്ടിവയ്‌ക്കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പത്രപരസ്യങ്ങള്‍ നല്‍കി മൂന്നാമത് ടെണ്ടര്‍ വിളിച്ചപ്പോഴും പൊളിക്കല്‍ ലോബിയുടെ ആള്‍ക്കാര്‍ രംഗപ്രവേശം ചെയ്തു. 11 ലക്ഷത്തിന് ടെണ്ടര്‍ വച്ച ആള്‍ക്ക് ടെണ്ടര്‍ ഉറപ്പിച്ചു. അയാളും തുക അടയ്കാതെ മുങ്ങുകയായിരുന്നു.
അഞ്ച് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന് രൂപ ക്വട്ടേഷന്‍ നല്‍കിയ നിര്‍മ്മാല്യം ബിള്‍ഡേഴ്‌സിന് പഞ്ചായത്ത് സമിതി നിയമപ്രകാരം ക്വട്ടേഷന്‍ ഉറപ്പിക്കുകയും അവര്‍ അന്‍പത് ശതമാനം തുക അടക്കുകയും ചെയ്തു. ഇതോടെ ഇടതുപക്ഷ നിര്‍മ്മാണ ലോബി തടസനാടകങ്ങളുമായ് ഇറങ്ങി. ലേല നാടകത്തില്‍ ഒത്തു കളിച്ച സിപിഎം ഭരണ സമിതിയും ഉദ്യോഗസ്ഥരും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് റീ ലേലം ചെയ്യേണ്ട അവസ്ഥയില്‍ എത്തുകയായിരുന്നു. ആദ്യ ലേലം പിടിച്ചയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നുവെന്നും പറയുന്നു. രണ്ട് ദിവസത്തിനകം എഗ്രിമെന്റ് വച്ച് പൊളിച്ചു മാറ്റല്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇടതുപക്ഷത്തിന് വേണ്ടപ്പെട്ടവര്‍ക്കല്ല ഇപ്പോള്‍ ടെണ്ടര്‍ ലഭിച്ചതെന്ന കാരണത്താല്‍ പഞ്ചായത്ത് നിയന്ത്രിക്കുന്ന ഇടതുപക്ഷവും ഉദ്യോഗസ്ഥരും കെട്ടിടം പൊളിക്കല്‍ ലോബിയും ചേര്‍ന്ന് ഇനിയും മാര്‍ക്കറ്റ് കെട്ടിടം പൊളിക്കുന്നത് തടസം നില്‍ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍
ആദ്യ ലേലം ഉറപ്പിക്കാതെ വന്നസമയത്ത് മാര്‍ക്കറ്റ് കെട്ടിടത്തിന്റെ പാരപ്പറ്റ് ഇടിഞ്ഞു വീണിരുന്നു. ഇത് സ്വാഭാവികമായുണ്ടായ അപകടമല്ലെന്നും ഇടതുപക്ഷത്തിനുവേണ്ടി രംഗത്തിറങ്ങിയ നിര്‍മ്മാണ ലോബി പാരപ്പറ്റ് പൊളിച്ചിട്ട് ഭീതി പടര്‍ത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
യാത്രക്കാര്‍ നില്‍ക്കുന്ന ഭാഗത്തെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ പാരപ്പറ്റ് തകര്‍ത്തെന്നാണ് ആരോപണം. തനിയെ പൊളിഞ്ഞു വീണുവെന്ന് പറയപ്പെടുന്ന ഭാഗമാണ് ആ കെട്ടിടത്തിലെ ഏറ്റവും ഉറപ്പുള്ള ഭാഗം. തകര്‍ന്നു തുടങ്ങിയെന്ന ഭീതി പടര്‍ത്തി ലേലം കുറഞ്ഞ തുകക്ക് കൈക്കലാക്കുക യായിരുന്നു ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നും സംശയമുണ്ട്.