
സാഗര്‍(മധ്യപ്രദേശ്): താത്കാലിക ആനന്ദമാകരുത് യുവാക്കളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍. മഹത്തായ ലക്ഷ്യത്തിലേക്ക് ദീര്‍ഘകാല പദ്ധതികള്‍ വേണം. അതിലെത്തിച്ചേരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാഗറിലെ ഡോ. ഹരിസിങ് ഗൗഡ് സര്‍വകലാശാലാ സുവര്‍ണജയന്തി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാംലാല്‍.
പരിഹാസത്തെയും അവഗണനയെയും എതിര്‍പ്പിനെയും കൂസാതെയാണ് ആര്‍എസ്എസ് നൂറ് വര്‍ഷം പിന്നിട്ടത്. ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമവൈഭവമാണ്. ആദര്‍ശം ഭാരതം എന്നതാണ്. വസുധൈവ കുടുംബകം എന്ന തത്വത്തിലൂന്നിയാണ് ഭാരതം ലോകത്തോട് സംവദിക്കുന്നത്. ഈ മനോഭാവം എല്ലാവരിലുമുണ്ടാകണമെന്ന് സംഘം ആഗ്രഹിക്കുന്നു.
യുവതലമുറയെ നന്നായി ചിന്തിക്കാനും നന്നായി സംസാരിക്കാനും നന്നായി പ്രവര്‍ത്തിക്കാനും സംഘം പ്രോത്സാഹിപ്പിക്കുന്നു. ഈ യുവതലമുറയുടെ പ്രതിഭയിലൂടെയാണ് ഭാരതം ലോകത്തോട് അതിന്റെ ആദര്‍ശത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇതുതന്നെയാണ് ദേശസ്‌നേഹം, രാംലാല്‍ പറഞ്ഞു.
ദുരന്തങ്ങളിലും വിപത്തുകളിലും വെല്ലുവിളികളിലും തുണയായി ആദ്യം ഓടിയെത്തുന്നത് സ്വയംസേവകരാണെന്നത് സമൂഹത്തിന്റെ അനുഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളില്‍വരെ വിദ്യാലയങ്ങളും ആശുപത്രികളും സംഘപ്രവര്‍ത്തകര്‍ സാധ്യമാക്കി. വിദ്യാഭാരതി, സേവാഭാരതി, എന്‍എംഒ തുടങ്ങിയ സംഘടനകളിലൂടെ വിദൂര ഗ്രാമങ്ങളിലേക്കും മികച്ച സൗകര്യങ്ങളെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
സാഗര്‍ വിഭാഗ് സംഘചാലക് ഡോ. ഗൗരി ശങ്കര്‍ ചൗബെ, ജില്ലാ സംഘചാലക് ഡോ. ധീരേന്ദ്ര മിശ്ര, മുഖ്യാതിഥി ഡോ. ദീപാന്‍ഷു ദുബെ എന്നിവരും സംസാരിച്ചു.
ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ജനപ്രിയ ഗോത്രനൃത്തമായ ‘ബദായ്’, മറ്റ് കലാ സംഗീതപരിപാടികള്‍ യുവസംവാദവേദിയില്‍ നടന്നു.