
തിരുവനന്തപുരം (25-12-2025) : കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് 1000 കോടി രൂപയുടെ വിഗ്രഹക്കടത്തായിരുന്നു ഡി മണിയും സംഘവും ലക്ഷ്യമിട്ടിരുന്നതെന്ന് വെളിപ്പെടുത്തൽ. ശബരിമലയ്‌ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കത്ത് സംഘം ലക്ഷ്യമിട്ടിരുന്നു എന്നും പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ട്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണ് തനിക്ക് ഡി മണിയേയും സംഘത്തേയും പരിചയപ്പെടുത്തിയത് എന്നാണ് പ്രവാസി വ്യവസായി വെളിപ്പെടുത്തിയിട്ടുള്ളത്.
ഇപ്പോഴും ഈ സംഘം സജീവമാണെന്നും വ്യവസായി വ്യക്തമാക്കുന്നു. ഡി മണിയും സംഘവും 1000 കോടിയാണ് കേരളത്തിൽ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഡി മണി പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങി. സ്വർണം ഉരുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ വലിയ വിഗ്രഹ കടത്ത് ശബരിമലയിൽ നടന്നുവെന്നും വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. 2019 -20 കാലങ്ങളിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്‌തു കടത്ത് സംഘത്തിന് വിറ്റത്. ഡി മണിയാണ് ഇവ വാങ്ങിയത്. ഉണ്ണികൃഷ്‌ണൻ പോറ്റിയായിരുന്നു ഇടനിലക്കാരൻ. വിഗ്രഹങ്ങൾ കൊടുക്കാൻ നേതൃത്വം നൽകിയത് ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.
2020 ഒക്‌ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് വിഗ്രഹക്കടത്തിലുള്ള പണക്കൈമാറ്റം നടന്നത്. ഡി മണിയും ഉണ്ണികൃഷ്‌ണൻ പോറ്റിയും ഉന്നതനും മാത്രമാണ് പണംകൈമാറിയ സമയത്ത് ഉണ്ടായിരുന്നതെന്നും മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയാമെന്നും വ്യവസായി പറഞ്ഞു. എന്നാൽ, മൊഴി സത്യമാണോ എന്ന പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതുവരെയുള്ള അന്വേഷണത്തിൽ പഞ്ചലോഹ വിഗ്രഹങ്ങൾ നഷ്‌ടമായതായി വിവരം ലഭിച്ചിരുന്നില്ല.
അതേസമയം, പ്രവാസി വ്യവസായി പറഞ്ഞ ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ യഥാർഥ പേര് ബാലമുരുകൻ എന്നാണ്. ഡിണ്ടിഗൽ സ്വദേശിയായ ഇയാളെ ഡയമണ്ട് മണിയെന്നാണ് അറിയപ്പെടുന്നത്. ഡി മണി പഞ്ചലോഹവിഗ്രഹങ്ങൾ വാങ്ങിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. മണിയെ ഇന്നും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.