വിക്ടോറിയ പാര്‍ക്ക്: ഭാരതത്തിന്റെ യുവ ബാഡ്മിന്റണ്‍ താരം ആയുഷ് ഷെട്ടി മിന്നും വിജയം കൊയ്ത് ഹോങ്കോങ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി ജേതാവ് ജപ്പാന്റെ കോഡയി നരോക്കയെ തോല്‍പ്പിച്ചാണ് മുന്നേറ്റം.
ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് ലോക രണ്ടാം നമ്പര്‍ താരത്തെ ആയുഷ് അട്ടിമറിച്ചത്. സ്‌കോര്‍ 21-19, 12-21, 21-14നായിരുന്നു വിജയം. ആവേശപ്പോരാട്ടം 72 മിനിറ്റോളം നീണ്ടു. ഇന്ന് ക്വാര്‍ട്ടറില്‍ ഭാരത താരം ലക്ഷ്യ സെന്‍ ആണ് ആയുഷിന്റെ എതിരാളി. ഇന്നലെ പ്രീക്വാര്‍ട്ടറില്‍ മലയാളി താരം എച്ച് എസ് പ്രണോയിയെ തോല്‍പ്പിച്ചാണ് ലക്ഷ്യാ സെന്നിന്റെ മുന്നേറ്റം. പ്രണോയിക്കെതിരെ കടുത്ത പോരാട്ടത്തിലൂടെയാണ് ലക്ഷ്യ വിജയം കണ്ടത്. സ്‌കോര്‍ 15-21, 21-18, 21-10നാണ് മത്സരം അവസാനിച്ചത്. പുരുഷ സിംഗിള്‍സിലിറങ്ങിയ മറ്റൊരു താരം കിരണ്‍ ജോര്‍ജ് ചൈനീസ് തായിപേയി താരം കൂ ടിയെന്‍ ഷെന്നിനോട് പരാജയപ്പെട്ട് പുറത്തായി. സ്‌കോര്‍ 6-21, 12-21ന് നേരിട്ടുള്ള സെറ്റ് തോല്‍വിയാണ് വഴങ്ങിയത്.
ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക് സായിരാജ്-റങ്കിറെഡ്ഡി സഖ്യത്തിന് ഇന്ന് ക്വാര്‍ട്ടറില്‍ മലേഷ്യന്‍ സഖ്യം ജുനൈദ് ആരിഫ്-റോയി കിങ് യാപിനെ ആണ് നേരിടേണ്ടത്.