ലഡാക്ക്: സംഘര്‍ഷത്തിനിടെ നാല് പേര്‍ മരിച്ച സംഭവത്തില്‍ ലഡാക്ക് ഭരണകൂടം മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ആത്മരക്ഷാര്‍ഥം വെടിയുതിര്‍ത്തതാണെന്ന പൊലീസ് നിലപാട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ചോദ്യം ചെയ്തു. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള നിരാഹാരം പൊലീസ് അവസാനിപ്പിച്ച ശേഷം പ്രതിഷേധങ്ങള്‍ രൂക്ഷമായിരുന്നു. വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നാരോപിച്ച് പൊലീസ്, ഭരണകൂടം മുന്നോട്ടുവന്നതും വിവാദമായി.
അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 26 പേരെ വിട്ടയച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ലേ അപെക്സ് ബോഡി ചര്‍ച്ചകളില്‍നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍.