
ഗായകനെന്ന നിലയിൽ ഉയരങ്ങൾ കീഴടക്കിയ യേശുദാസിന് പക്ഷെ വ്യക്തിയെന്ന നിലയിൽ പലപ്പോഴും വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. മുൻകോപമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. യേശുദാസിനെ ഇടയ്‌ക്കിടെ വിമർശിക്കുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ യേശുദാസിനെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ലത മങ്കേഷ്ക്കറിന് 60 വയസായപ്പോൾ അവർ പാട്ട് നിർത്തണം എന്ന് പറഞ്ഞയാളാണ് യേശുദാസ്. അദ്ദേഹം ഏതാണ് 80 വയസ് വരെ പാടി. ആ മാനദണ്ഡം അദ്ദേഹം എടുത്തില്ല. ലത മങ്കേഷ്ക്കർ പാട്ട് നിർത്തണം, സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തണം എന്ന് പറഞ്ഞ അദ്ദേഹം 80ാം വയസിലും പാടുന്നു. ഒരു വിരൽ നിങ്ങളെ ചൂണ്ടുമ്പോൾ ബാക്കി വിരൽ എന്നെയാണ് ചൂണ്ടുന്നത് എന്ന ബോധമില്ലാത്തത് കൊണ്ടാണ് അന്ന് അങ്ങേരങ്ങനെ പറഞ്ഞത്.
80ാം വയസിലും പരമബോറായി അദ്ദേഹം പാടുമ്പോഴും അതിനേക്കാൾ ബോറാണ് മറ്റ് പാട്ടുകാർ. തൊണ്ടയ്‌ക്ക് ജലദോഷം വന്നത് പോലുള്ള ശബ്ദങ്ങളാണ് ഇപ്പോൾ പാടുന്നത്. എന്റെ വീട്ടിലും എന്റെ കാറിലും യേശുദാസിന്റേതല്ലാതെ ആരുടെയും പാട്ട് ഇടില്ല. ഏറ്റവും കൂടുതൽ ഞാൻ വിമർശിക്കുന്നതും ദാസേട്ടനെയാണ്. ഇഷ്ടപ്പെട്ട ഗായിക എസ് ജാനകിയമ്മയാണ്. സുശീലാമ്മ നല്ല പാട്ടുകാരിയാണ്. പക്ഷെ എന്തുകൊണ്ടോ എനിക്ക് ജാനകിയമ്മയോടാണ് ഇഷ്ടമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.