
ഗുവാഹത്തി : ലൗജിഹാദ് കേസിൽ നിലപാട് കടുപ്പിച്ച് അസം സർക്കാർ . ലവ് ജിഹാദ് കേസിൽ പ്രതികളായ പുരുഷന്മാരുടെ മതാപിതാക്കളെയും അറസ്റ്റുചെയ്യാനുള്ള നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു . അസ്സമിലെ ബി.ജെ.പി സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിൽ ഈ നിയമവും ചേർത്തതായി മുഖ്യമന്ത്രി അറിയിച്ചു.
ബഹുഭാര്യത്വവും ലവ് ജിഹാദും തടയുന്നതിനായി അടുത്ത നിയമ സഭാ സമ്മേളനത്തിൽ പുതിയ ബിൽ കൊണ്ടുവരുമെന്ന് ഈയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.സ്ത്രീകളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച പുരുഷന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
കാച്ചാർ ജില്ലയിലെ ലഖിപൂരിൽ ഒരു സ്ത്രീ ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവേയാണ് ബിൽ സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്. മൂന്നിൽ കൂടുതൽ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് സർക്കാർ പദ്ധതികൾക്ക് അർഹതയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അള്ളാഹു കുട്ടികളെ നൽകുന്നുണ്ടെന്നും അതിനാൽ അവർക്ക് പ്രസവം നിർത്താൻ കഴിയില്ലെന്നുമാണ് ചിലർ പറയുന്നത്. നിങ്ങൾ ആഗ്രഹിക്കുന്നത്രയും കുട്ടികളെ പ്രസവിക്കൂ, പക്ഷേ അവരെ വളർത്തുന്നതിനോ സ്കൂളുകളിൽ അയയ്‌ക്കുന്നതിനോ സർക്കാർ സഹായം പ്രതീക്ഷിക്കരുത്,” അദ്ദേഹം പറഞ്ഞു.