
ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ കൗണ്‍സിലര്‍ക്ക് വീണ്ടും പാര്‍ട്ടി ചിഹ്നത്തില്‍ സീറ്റു നല്‍കിയതില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. നിരോധിത പുകയില ഉത്പന്നക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ മുന്‍ ഏരിയ കമ്മിറ്റി അംഗവും ആലപ്പുഴ നഗരസഭാംഗവുമായ എ. ഷാനവാസിനാണ് വീണ്ടും പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്.
നടപടിയെടുത്ത് പുറത്താക്കിയ ഷാനവാസിനെ എപ്പോള്‍ പാര്‍ട്ടിയില്‍ തിരിച്ചെടുത്തെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജില്ലാ സെക്രട്ടറിയെ മറികടന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ ഇടപെടലാണ് വീണ്ടും സീറ്റ് നല്‍കാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം. ആലപ്പുഴ നഗരത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ ഏറ്റവും അടുത്തയാളായാണ് ഇയാള്‍ അറിയപ്പെടുന്നത്. മുന്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടപടി നേരിട്ട മറ്റൊരു മുന്‍ കൗണ്‍സിലര്‍ക്കും ഇത്തവണ സീറ്റ് നല്‍കിയിട്ടുണ്ട്. നേതാക്കന്മാരുടെ അടുപ്പക്കാരായാല്‍ പാര്‍ട്ടി നടപടികള്‍ക്ക് യാതൊരു വിലയുമില്ലെന്നാണ് ആക്ഷേപം.
യുവാക്കളിലെ ലഹരിവ്യാപനത്തിനെതിരെ വലിയ തോതില്‍ സര്‍ക്കാരും മറ്റും വ്യാപകമായി പ്രചാരണം നടത്തുന്നതായി അവകാശപ്പെടുമ്പോഴാണ് ലഹരിക്കേസില്‍ ആരോപണവിധേയരായവരെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം പൊതുജനത്തെ വെല്ലുവിളിക്കുന്നതെന്നാണ് വിമര്‍ശനം. 2023 ജനുവരിയിലാണ് ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്ന് കരുനാഗപ്പള്ളിയില്‍ വെച്ച് ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇതെത്തുടര്‍ന്നാണ് സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും ആലപ്പുഴ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ 2023 ജൂണില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. വാഹനം താന്‍ വാടകയ്‌ക്കു കൊടുത്തതാണ് എന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.
ആദ്യം ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്ത ഷാനവാസിനെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പുറത്താക്കിയത്. പാര്‍ട്ടിയെ അറിയിക്കാതെയാണ് ഷാനവാസ് ലോറി വാങ്ങിയതെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം ഷാനവാസ് രാജിവെച്ചില്ല.
വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടുള്ള ഇയാളുടെ വലിയ തോതിലുള്ള സാമ്പത്തിക വളര്‍ച്ചയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അക്കാലയളവില്‍ ആലപ്പുഴ നഗരത്തിലെ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് പുകയില ഉത്പന്ന കടത്തുമായി ബന്ധപ്പെട്ട് പോലീസും എക്സൈസും അറസ്റ്റ് ചെയ്തത്. ഇവരെയൊക്കെ ലഹരിമാഫിയകളുമായി ബന്ധപ്പെടുത്തുന്ന കണ്ണികളെ കുറിച്ചുള്ള തുടരന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.