തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ പ്രചാരണം പ്രവര്‍ത്തനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മത മേലധ്യക്ഷന്‍മാരുടെയും പിന്തുണ ഉറപ്പാക്കി.
സണ്‍ഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ വിശദമായ അഭിപ്രായം അറിയിക്കാവന്‍ സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.ജൂണില്‍ വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും ലഹരി വ്യാപനം തടയാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് രണ്ടു യോഗങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. മത സാമുദായിക യോഗവും സര്‍വകക്ഷി യോഗവും. എല്ലാവരും അകമഴിഞ്ഞ പിന്തുണ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വ്യാപനം തടയുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു. ലഹരി ഉല്‍പ്പന്നങ്ങളെ ഏതെങ്കിലും മതമോ ജാതിയോ രാഷ്‌ട്രീയ പാര്‍ട്ടിയോ പ്രോത്സാഹിപ്പിക്കുന്നില്ല. ലഹരി വിരുദ്ധ ജാഗ്രത പുലര്‍ത്താന്‍ അവരവരുടെ അനുയായികളോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്‍ പരിപാടികളില്‍ പരമാവധി ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സഹകരണം അഭ്യര്‍ത്ഥിച്ചു.
ലഹരിക്കെതിരായ പോരാട്ടം ശക്തമായി തുടരുകയാണ്. ഏപ്രില്‍ 8 മുതല്‍ 14 വരെ ഒരാഴ്ചക്കാലയളവില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 15,327 വ്യക്തികളെ പരിശോധനയ്‌ക്ക് വിധേയമാക്കി. 927 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 994 പേരെ അറസ്റ്റ് ചെയ്തു. 248.93 ഗ്രാം എംഡി എം എയും 77.127 കിലോഗ്രാം കഞ്ചാവും പിടികൂടി. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങളും വിഷയങ്ങളും നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പരായ നാഷണല്‍ നര്‍കോട്ടിക്‌സ് ഹെല്പ് ലൈന്‍ 1933 നമ്പറും എഡിജിപി എല്‍ & ഓയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്റി നാര്‍കോട്ടിക് സെല്‍ വിഭാഗത്തിന്റെ 9497979794, 9497927797 നമ്പരുകളും, കേരളാ പൊലീസ് ആരംഭിച്ച യോദ്ധാവ് എന്ന പദ്ധതിയിലെ 9995966666 എന്ന വാട്ട്‌സാപ്പ് നമ്പറും 24 മണിക്കൂറും ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.