റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ. ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്നത് അടക്കം ആവശ്യങ്ങൾ ശക്തമാണ്. വിൻ സിയുടെ പരാതിയിന്മേൽ നോട്ടിസ് നൽകാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിൻ സിയുടെ പരാതിയിൽ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്.
കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് വ്യക്തമാക്കി പൊലീസ്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിലവിൽ കേസില്ലെന്ന് കൊച്ചി നാർകോട്ടിക് എസിപി അബ്ദുൽ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയിൽ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. ഷൈനിന് നോട്ടിസ് നൽകുന്ന കാര്യം മേൽ ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി എക്സൈസ് തേടി. എന്നാൽ നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്സൈസിനെ അറിയിച്ചു. വിൻസിയുടെ പിതാവാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്.
വിൻ സിയുടെ ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിൻ സിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന.