• Fri. Jan 2nd, 2026

24×7 Live News

Apdin News

ലഹരി മാഫിയയുടെ തേര്‍വാഴ്ചയില്‍ ഐടി നഗരം; പരിഭ്രാന്തിയില്‍ തലസ്ഥാനത്തെ കഴക്കൂട്ടം നിവാസികള്‍, വാടക വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണമില്ല

Byadmin

Jan 2, 2026



തിരുവനന്തപുരം: ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ദിനം പ്രതി ആയിരങ്ങള്‍ എത്തുന്ന ഐടി നഗരം ലഹരി സംഘത്തിന്റെ പിടിയില്‍. പല രീതിയില്‍ പരാതി ഉയര്‍ന്നിട്ടും ഇത് അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആറു വര്‍ഷം മുമ്പ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇവിടെ സ്മാര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.

ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്മാര്‍ട്ട് പൊലീസ് സ്‌റ്റേഷനായ ദുബായ് ജുമൈറയിലേതിന് സമാനമായി ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായ സ്മാര്‍ട്ട് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. ആക്കുളം പാലം മുതല്‍ കഴക്കൂട്ടം മേല്‍പ്പാലം അവസാനിക്കുന്നതുവരെ നൈറ്റ് ലൈഫ് സജീവമാണ്. ഹോട്ടലുകളെല്ലാം പുലര്‍ച്ചെ വരെയുണ്ട്. റോഡിലും നല്ല തിരക്കാണ്. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും പരാതികള്‍ പരിഹരിക്കാനുമായി ടെക്‌നോപാര്‍ക്ക് കവാടത്തിലുണ്ടായിരുന്ന വനിതാ ഹെല്‍പ്പ് ഡെസ്‌കും അടച്ചുപൂട്ടി. പോലീസിന്റെ പട്രോളിംഗ് ഇല്ലാത്തതും മയക്കുമരുന്നു വില്‍പ്പനക്കാര്‍ക്ക് സഹായകമാണ്.

ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പിടിയിലായെങ്കിലും അവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുകയും വീണ്ടും ഇത്തരം ലഹരി വില്‍പ്പന നടത്തുകയും ചെയ്തിട്ടും ഇവരെ പിടികൂടുവാനോ ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കുവാനോ ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല. ഐടി നഗരത്തിലെ പ്രധാനപ്പെട്ട കോളേജുകള്‍, സ്‌കൂളുകള്‍, എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയും ഐടി ജീവനക്കാരെയും കേന്ദ്രികരിച്ചാണ് ഇവര്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത്.

ഐടി നഗരത്തിലും പരിസര പ്രദേശങ്ങളിലും ആയിരത്തിലധികം വീടുകളാണ് വാടകയ്‌ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പലരുടെയും പേരു വിവരങ്ങള്‍ പോലും തെറ്റായാണ് നല്‍കുന്നത്. ഇത് ലഹരി വില്‍പ്പനകള്‍ നടത്തുന്നവര്‍ക്ക് സൗകര്യവുമാണ്. ലഹരി വില്‍പ്പന സംഘങ്ങളുടെ ഭീഷണിയും അക്രമവും ഭയന്ന് നാട്ടുകാരും പരിഭ്രാന്തിയിലാണ്.

By admin