ആശാ പ്രശ്‌നത്തിനിടെ സിപിഎമ്മിനെ വെട്ടിലാക്കി എല്‍ഡിഎഫ് പ്രകടനപത്രിക. വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന സിപിഎമ്മിന്റെ വാദത്തിനിടെയാണ് പത്രിക പുറത്തായത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്നും, മിനിമം കൂലി 700 രൂപയാക്കുമെന്നും ഇതിലൂടെ പ്രതിമാസം 21,000 രൂപ ഓണറേറിയമായി നല്‍കുമെന്നാണ് എല്‍ഡിഎഫ് മാണ് പ്രകടനപത്രികയിലെ അവകാശവാദങ്ങള്‍. 2021 ലെ തെരഞ്ഞെടുപ്പില്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് വാഗ്ദാനം.
ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാര്‍ സമരവുമായി രംഗത്തിറങ്ങിയതോടെ എല്‍ഡിഎഫ് സര്‍ക്കാരും പാര്‍ട്ടിയും ആശമാര്‍ക്ക് പണം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.
കേന്ദ്രം ആശാവര്‍ക്കര്‍മാര്‍ തൊഴിലാളികള്‍ ആണെന്ന് പോലും അംഗീകരിക്കുന്നില്ല. ഇന്‍സെന്റീവായി ഒരു രൂപ പോലും കേന്ദ്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നിട്ടില്ല. കേരളം ആശമാര്‍ക്ക് നല്‍കുന്നതിനായി വിനിയോ?ഗിച്ച തുകയില്‍ കേന്ദ്രവിഹിതമായി നല്‍കാനുള്ള 100 കോടി നല്‍കണമെന്ന ആവശ്യമുയര്‍ത്തി ഡല്‍ഹിയില്‍ സമരം ചെയ്യുന്നതിന് താനും ആശമാര്‍ക്കൊപ്പമുണ്ടാകും എന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്റെ ഔദാര്യമാണെന്നായിരുന്നു സിഐടിയു നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.പി പ്രേമയുടെ വാദം.
എന്നാല്‍ ഇതിനെല്ലാം നേര്‍വിപരീതമായാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉള്ളത്. ‘സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്‌സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്‌കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്‌കീം വര്‍ക്കേഴ്‌സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും’ എന്നും പത്രികയില്‍ പറയുന്നു.