• Thu. Apr 24th, 2025

24×7 Live News

Apdin News

ലാന്‍ഡ് റവന്യൂ വകുപ്പിലെ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി

Byadmin

Apr 24, 2025


സംസ്ഥാനത്തെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികജാതി-വര്‍ഗ സംവരണം അട്ടിമറിക്കുന്നത്. 2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്.

ലാന്‍ഡ് റവന്യൂ വകുപ്പില്‍ വര്‍ഷംതോറും കര്‍ശനമായി പ്രസിദ്ധീകരിക്കേണ്ട പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയാണ് ഇത്തരത്തില്‍ അട്ടിമറി നടക്കുന്നത്. 2015 മുതല്‍ പിന്നീട് പ്രസിദ്ധീകരിച്ച അഞ്ച് കൊല്ലത്തേയും പ്രാതിനിധ്യ റിപ്പോര്‍ട്ടിലും തസ്തികകള്‍ യഥാര്‍ത്ഥ കണക്കിന്റെ പകുതിയായി തന്നെ തുടര്‍ന്നു.

2014 ല്‍ റിപ്പോര്‍ട്ടില്‍ കാണിച്ച 522 ഗസറ്റഡ് തസ്തികകള്‍ തൊട്ടടുത്ത വര്‍ഷം ഒറ്റയടിക്ക് 269 ആയി കുറഞ്ഞു.2016 ല്‍ – അത് 258 ഉം 2017 ല്‍ – 254 ഉം 2018 ലും 2019 ലും 263 ഉം 2020 ല്‍ – 260 ഉമായാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്.

2014 വരെ കൃത്യമായി പ്രസിദ്ധീകരിച്ചു വന്ന പ്രാതിനിധ്യറിപ്പോര്‍ട്ട് 2015 മുതല്‍ അട്ടിമറിയാന്‍ ഒരു കാരണമുണ്ട്. 2013 – 14 കാലഘട്ടത്തിലെ വാര്‍ഷിക പ്രാതിനിധ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികകളില്‍ സംവരണ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദിഷ്ട എണ്ണത്തിലും കുറവാണെന്ന് കണ്ടെത്തി. പിന്നാലെ സ്‌പെഷ്യന്‍ റിക്രൂട്ട്‌മെന്റ് നടത്തിയ PSC, SC/ST വിഭാഗത്തില്‍ നിന്നുള്ള ആറു പേരെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ നിയമിച്ചു. ഇതോടെയാണ് തൊട്ടടുത്ത വര്‍ഷം മുതല്‍ ഗസറ്റ് എടുത്ത് തസ്തികകളുടെ എണ്ണം പാതിയോളമായി വെട്ടി കുറച്ച് കാണിക്കാന്‍ തുടങ്ങിയത്.

തസ്തികകളുടെ എണ്ണം കുറഞ്ഞത് താല്‍കാലിക നിയമനങ്ങള്‍ ഒഴിവാക്കിയതോടെയാണെന്നാണ് വിവരാവകാശ വകുപ്പിന്റെ മറുപടി. എന്നാല്‍ താല്‍കാലിക തസ്തികകളില്‍ സംവരണം അനിവാര്യമാണെന്ന സുപ്രിംകോടതിയുടെ പലപ്പോഴായുള്ള വിധികള്‍ നിലനില്‍ക്കെയാണ് ഈ അട്ടിമറി.

കഴിഞ്ഞ മാര്‍ച്ച് 11 ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയും അട്ടിമറി വെളിവാക്കുന്നതാണ്. ലാന്‍ഡ് റവന്യൂ വകുപ്പിലെ മൊത്തം തസ്തികകളുടെയും അവയില്‍ സംവരണ തസ്തികകളുടെയും എണ്ണം സംബന്ധിച്ച് പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു റിപ്പോര്‍ട്ടാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

By admin