• Sat. Nov 23rd, 2024

24×7 Live News

Apdin News

ലാഭത്തിലേക്ക്‌ ചിറകടിച്ചുയർന്നു ; ഫോമിലാണ്‌ ഫോം മാറ്റിങ്‌സ്‌ | Kerala | Deshabhimani

Byadmin

Nov 23, 2024




ആലപ്പുഴ

നഷ്ടക്കണക്കുകൾ മായ്ച്ചുകളഞ്ഞ്‌ മുന്നേറുകയാണ്‌ ആലപ്പുഴ ഫോംമാറ്റിങ്സ്‌. തുരുമ്പിച്ച്‌ അടർന്നുപോയേക്കുമായിരുന്ന യന്ത്രങ്ങൾക്ക്‌ സർക്കാർ ഊർജമേകിയപ്പോൾ നീങ്ങിയത്‌ 18 വർഷങ്ങളുടെ കിതപ്പ്‌. ആഗസ്തിൽ ആദ്യകണ്ടയ്‌നർ കയറ്റി അയച്ച ഫ്രാൻസിലെ പ്രമുഖ കമ്പനിയിൽനിന്ന്‌ തുടർച്ചയായി ഓർഡറുകളെത്തുന്നു. 17 ലക്ഷം രൂപയുടെ 40 ഹൈക്യൂബ്‌ കയറുൽപ്പന്നങ്ങളാണ്‌ ആദ്യം കയറ്റിഅയച്ചത്‌. തൊട്ടുപിന്നാലെ 19 ലക്ഷത്തിന്റെ ഓർഡർ. ഇതേതുകയുടെതന്നെ രണ്ട്‌ ഓർഡറുകൾക്ക്‌ നടപടി പുരോഗമിക്കുന്നു. കയർ മാറ്റ്‌സും റബ്ബർ മാറ്റ്‌സും കയറ്റി അയയ്ക്കുന്നതിന്‌ സൗദിയിലെ പ്രമുഖ കമ്പനിയുമായി  കരാർ നടപടി പുരോഗമിക്കുന്നു. ആഭ്യന്തര കരാറുകളും നേടിയെടുത്തു.

 ഈ സാമ്പത്തികവർഷം ഇതുവരെ ഒമ്പത്‌ കോടി രൂപയ്ക്ക്‌ മുകളിലാണ്‌ വിറ്റുവരവ്‌. കഴിഞ്ഞവർഷത്തെ 13 കോടിയുടെ വിറ്റുവരവ്‌  ഈ വർഷം 16 കോടിയിലേക്കുയർത്താനാണ്‌ ലക്ഷ്യം.

വല്ലപ്പോഴും മാത്രം ചലിച്ചിരുന്ന അഞ്ച്‌ നിർമാണ യൂണിറ്റുകളും മുഴുവൻ സമയ പ്രവർത്തനത്തിലേക്ക്‌ കടന്നു. മറ്റ്‌ കയർ വിപണന സ്ഥാപനങ്ങൾക്കായി നെയ്ത്തും കളറിങ്ങും ലാറ്റക്‌സ്‌ പാക്കിങ്ങുമടക്കം സ്ഥിരമായി ഏറ്റെടുക്കാനും സാധിക്കുന്നു. കയറുൽപ്പന്നങ്ങൾ, ജൂട്ട്‌ (ചണം), ഹാൻഡ്‌ സ്‌പിൻ ജൂട്ട്‌, സൈസൽ, പോളി പ്രൊപ്പിലിൻ, റബ്ബർ എന്നിവയുപയോഗിച്ച്‌ മാറ്റ്‌സ്‌, മാറ്റിങ്‌സ്‌, റെക്സിൻ, കാർപെറ്റ്‌സ്‌ എന്നിവയാണ്‌ പ്രധാന ഉൽപ്പന്നങ്ങൾ. വയനാട്‌, മലപ്പുറം, കോട്ടയം ജില്ലകളിലേക്ക്‌ കയർ ഭൂവസ്‌ത്രം നൽകുന്നു. കഴിഞ്ഞവർഷം മാത്രം അഞ്ച്‌ കോടിയുടെ കയർഭൂവസ്‌ത്രങ്ങൾ കയറ്റി അയച്ചു.

മൂന്നുലക്ഷം രൂപയാണ്‌ കഴിഞ്ഞവർഷം ലാഭം.  തൊഴിലാളി ആനുകൂല്യങ്ങളുടെ കുടിശ്ശിക  കൊടുത്തശേഷമാണീ നേട്ടം. കുടിശ്ശികയിനത്തിൽ 1.40 കോടി രൂപയുണ്ടായിരുന്നു. 2019–-20 വർഷം രണ്ടുകോടി രൂപയുടെ നഷ്ടത്തിലായിരുന്നു സ്ഥാപനം. 2020–-21 ആയപ്പോൾ നഷ്‌ടം 40 ലക്ഷത്തിലേക്ക്‌ കുറച്ചു. 2021 –-23 കാലഘട്ടത്തിൽ നഷ്‌ടം 1.50 ലക്ഷം രൂപയാക്കി. തുടർന്നാണിപ്പോൾ  ലാഭത്തിലേക്ക്‌ കുതിച്ചത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin