പട്‌ന: ബീഹാറിലെ “ജംഗിൾ രാജ്” അടുത്ത 100 വർഷത്തിനുശേഷവും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച “മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്: യുവ സംവാദ്” പരിപാടിയിൽ ഓഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
ആ കാലഘട്ടത്തിന്റെ ഓർമ്മകൾ യുവതലമുറയ്‌ക്ക് കൈമാറാൻ സംസ്ഥാനത്തെ മുതിർന്ന പൗരന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. പ്രതിപക്ഷം തങ്ങളുടെ തെറ്റുകൾ മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലും ജനങ്ങൾ അത് ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മഹാഗത്ബന്ധനെയും അദ്ദേഹം വിമർശിച്ചു. “ഗത്ബന്ധൻ” (സഖ്യം) എന്നതിന് പകരം “ലത്ബന്ധൻ” (കുറ്റവാളികളുടെ സഖ്യം) എന്ന് വിളിച്ചു. ദൽഹിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള അവരുടെ എല്ലാ നേതാക്കളും ജാമ്യത്തിലാണെന്ന് ആരോപിച്ചു.
കൂടാതെ ബീഹാറിനെ ‘ജംഗിൾ രാജിൽ’ നിന്ന് പുറത്തുകൊണ്ടുവന്ന് നിയമവാഴ്ച സ്ഥാപിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറും എൻഡിഎയും കഠിനമായി പരിശ്രമിച്ചു. ഇപ്പോൾ ആളുകൾ അഭിമാനത്തോടെ തങ്ങളെ ബീഹാറി എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
ലാലു യാദവിന്റെ മകനും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന.
കോൺഗ്രസിന്റെ അശോക് ഗെലോട്ട് ഉൾപ്പെടെ മഹാഗത്ബന്ധന്റെയും ഇൻഡി ബ്ലോക്കിന്റെയും പ്രമുഖ നേതാക്കൾ പങ്കെടുത്ത സംയുക്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്ത പ്രഖ്യാപനം ഉണ്ടായത്. ബീഹാർ തെരഞെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.