
പട്ന : ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പാർട്ടിക്കുള്ളിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. 2020 നെ അപേക്ഷിച്ച് ആർജെഡിയുടെ സീറ്റുകളുടെ എണ്ണം 50 ൽ നിന്ന് 25 ആയി കുറയ്‌ക്കുന്നതിൽ സഞ്ജയ് യാദവ്, റമീസ് തുടങ്ങിയ ഉപദേഷ്ടാക്കൾക്ക് പങ്കുണ്ടെന്ന് രോഹിണി തന്റെ സന്ദേശങ്ങളിൽ സൂചിപ്പിച്ചു.
എന്നാൽ ഈ ഉപദേഷ്ടാക്കൾ തന്നോട് എന്താണ് പറഞ്ഞതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. രണ്ട് നേതാക്കളിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും തന്നെ ലഭിച്ചിട്ടുമില്ല. കൂടാതെ ശനിയാഴ്ച വൈകുന്നേരം രോഹിണി ആചാര്യ പട്നയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ടു.
അതേ സമയം രോഹിണിയുടെ പോസ്റ്റ് അഗാധമായ വേദനയുടെ പ്രകടനമാണെന്ന് ജെഡിയു വക്താവ് നീരജ് കുമാർ വിശേഷിപ്പിച്ചു. “ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ലാലു പ്രസാദ് യാദവ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം ധൃതരാഷ്‌ട്രരെപ്പോലെ പെരുമാറരുത്” – അദ്ദേഹം ചോദിച്ചു. മഹാഭാരതത്തിലെ ഈ കഥാപാത്രത്തെ പരാമർശിച്ചുകൊണ്ട് കുടുംബത്തിനുള്ളിൽ ഉയർന്നുവരുന്ന തർക്കങ്ങൾ അവഗണിക്കുന്നത് പാർട്ടിക്ക് ദോഷകരമാകുമെന്ന് അദ്ദേഹം സൂചന നൽകി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സരൺ സീറ്റിൽ നിന്ന് മത്സരിച്ച രോഹിണി ആചാര്യ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് 13,661 വോട്ടുകൾക്ക് പരാജയപ്പെട്ടു. ലാലു-റാബ്രി കുടുംബത്തിലെ രണ്ടാമത്തെ മകളായ രോഹിണി വളരെക്കാലമായി ഒരു വിശ്വസ്തയായി കണക്കാക്കപ്പെടുന്നു. തന്റെ പിതാവ് ലാലുവിന് വൃക്ക ദാനം ചെയ്തതോടെ കുടുംബത്തിനുള്ളിലെ അവരുടെ നില കൂടുതൽ ശക്തിപ്പെടുകയും ചെയ്തു.