
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ സാധ്വി പ്രേം ബൈസയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്. പോലീസ് അന്വേഷണത്തിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലും അസ്വാഭാവിക മരണമെന്നതിന് തെളിവുകളൊന്നുമില്ല. എഫ്എസ്എല്‍, ഹിസ്റ്റോപത്തോളജി റിപ്പോര്‍ട്ടുകളില്‍ ഏതെങ്കിലും വിഷ പദാര്‍ത്ഥത്തിന്റെ അംശം വെളിപ്പെട്ടിട്ടില്ല. ലൈംഗികാതിക്രമം സംബന്ധിച്ച സംശയങ്ങളും റിപ്പോര്‍ട്ട് തള്ളുന്നു. ബാഹ്യ പരിക്കുകളോ വിഷബാധയോ മരണകാരണമായിട്ടില്ല.
ഒരു നഴ്‌സിംഗ് സ്റ്റാഫ് ബൈസക്ക് അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം നല്‍കാവുന്ന ഷെഡ്യൂള്‍ എച്ചില്‍ പെട്ട ഇഞ്ചക്ഷന്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. കുത്തിവയ്‌പ്പ് ഹൃദയസ്തംഭനത്തിനും ശ്വാസകോശ സംബന്ധമായ അസുഖത്തിനും കാരണമായോ എന്നതാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
ജനുവരി 28 നാണ് ബൈസയെ ജോധ്പൂരിലെ ആശ്രമത്തില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകാതെ മരിച്ചതായി സ്ഥിരീകരിച്ചു.
മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു ആത്മഹത്യാക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു, അതില്‍ 2025ലുണ്ടായ ബ്ലാക്ക്മെയില്‍, മാനനഷ്ടക്കേസ് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ പകുതിയോടെയാണ് ബൈസ ഒരു പുരുഷനുമായി ചേര്‍ന്നുള്ള വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതും വലിയ വിവാദമായതും.