
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് ഹോട്ടൽ മുറിയിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ചലച്ചിത്ര പ്രവർത്തകരടക്കം ആറ് സാക്ഷികളാണുള്ളത്.
പരാതിക്കാരി പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കേസില്‍ ഡിസംബര്‍ 24ന് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാണ് പി ടി കുഞ്ഞുമുഹമ്മദ് അനുകൂല വിധി കോടതിയില്‍നിന്നും നേടിയത്.