കൊച്ചി : അനാശാസ്യ കേന്ദ്രത്തില്‍ പണം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നയാളെ കസ്റ്റമറായി കണക്കാക്കാനാവില്ലെന്നും വേശ്യാവൃത്തിക്കുള്ള പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഉപഭോക്താവായി കാണണമെങ്കില്‍ എന്തെങ്കിലും സാധനമോ, സേവനമോ വാങ്ങണം. ലൈംഗിക തൊഴിലാളി ഒരു ഉല്‍പന്നമല്ല.അതിനാല്‍ ലൈംഗിക തൊഴിലാളിയെ പണം കൊടുത്തു ബന്ധപ്പെടുന്നയാളാണെങ്കില്‍ പോലും ഉപഭോക്താവായി കാണാനാവില്ല. ജസ്റ്റിസ് വിജി അരുണ്‍ വ്യക്തമാക്കി.
അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരം പേരൂര്‍ക്കട പോലീസ് 2021ല്‍ എടുത്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. വേശ്യാവൃത്തിയില്‍ എത്തിപ്പെടുന്ന പലരും മനുഷ്യക്കടത്തിന്റെ ഇരകളോ സ്വന്തം ശരീരം സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നവരോ ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധപ്പെടാനെത്തുന്നവര്‍ നല്‍കുന്ന പണത്തിലേറെയും അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് വാങ്ങുന്നത്. അതിനാല്‍ അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിന് പണം നല്‍കുന്നയാള്‍ക്കെതിരെ അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പ് 5(1) ഡി പ്രകാരം പ്രേരണ കുറ്റം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.