• Thu. Aug 28th, 2025

24×7 Live News

Apdin News

ലോകത്തിനു വേണം ഭാരത ഉത്പന്നങ്ങള്‍

Byadmin

Aug 28, 2025



മേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കരട് വിജ്ഞാപനം പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് അഹമ്മദാബാദില്‍ ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. പൂര്‍ണമായും ഭാരതത്തില്‍ നിര്‍മിക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ മാരുതി ഇ വിറ്റാര ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് സാമ്പത്തികരംഗത്തെ ഭാരതത്തിന്റെ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്ന ആവേശകരമായ വാക്കുകള്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. ഇനി ലോകമെമ്പാടുമുള്ള ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ‘ഭാരതത്തില്‍ നിര്‍മ്മിച്ചത്’ എന്ന ലേബല്‍ പതിക്കും. നൂറിലധികം രാജ്യങ്ങളിലേക്കാണ് ഈ കാര്‍ ഭാരതം കയറ്റുമതി ചെയ്യുക. ഭാരതവും അമേരിക്കയും വലിയ തോതില്‍ വ്യാപാര ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങളാണ്. പക്ഷേ അമേരിക്കന്‍ ഭരണകൂടത്തിന്റെ അന്യായമായ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി.

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങുന്നതാണ് ഭാരതത്തിനെതിരെ അധിക തീരുവ ചുമത്താന്‍ കാരണമായി ട്രംപ് ഭരണകൂടം പറയുന്നതെങ്കിലും അമേരിക്കയിലെ കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഭാരത വിപണി നിര്‍ബാധം തുറന്നുകൊടുക്കണമെന്ന ആവശ്യത്തെ അംഗീകരിക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം. രാജ്യത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്പര്യങ്ങള്‍ ആര്‍ക്കുമുന്നിലും അടിയറവയ്‌ക്കില്ലെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു കഴിഞ്ഞു. ഭാരതത്തിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന ആവശ്യം മോദി സര്‍ക്കാര്‍ തള്ളിയതും ട്രംപിന്റെ ഭരണകൂടത്തെ ഭാരതത്തിന് എതിരാക്കുകയുണ്ടായി. ഇക്കാര്യത്തിലും ഒരു വിദേശ ശക്തിയുടെയും സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ല എന്നതാണ് മോദി സര്‍ക്കാരിന്റെ നയം.

അമേരിക്കയുടെ സഹകരണം ഇല്ലാതെ തന്നെ ഭാരതത്തിന് സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയും. ചൈനയും റഷ്യയും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭാരതവുമായി കൂടിയതോതില്‍ വ്യാപാര ബന്ധത്തിന് ഒരുക്കമാണ്. ചൈനയും റഷ്യയും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. അധിക തീരുവ ചുമത്തി ഭാരതത്തെ ഞെരുക്കാമെന്നത് അമേരിക്കന്‍ ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണ്. ഇതിനുമുന്‍പും അവര്‍ ഇതിന് ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. അമേരിക്കയും ഭാരതവും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം പറഞ്ഞുതീര്‍ക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നിക്കി ഹാലിയുടെ പ്രസ്താവന അമേരിക്കന്‍ ജനതയുടെ ആശങ്കയെയാണ് പ്രതിഫലിപ്പിക്കുന്നത്. അധിക തീരുവയുടെ കരട് വിജ്ഞാപനം വരുന്നതിനു മുന്‍പ് ഒരാഴ്ചയ്‌ക്കിടെ നാലുതവണ പ്രസിഡന്റ് ട്രംപ്, നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. നാലു തവണയും പ്രധാനമന്ത്രി മോദി കോള്‍ നിരസിക്കുകയായിരുന്നു.

വ്യാപാര കാര്യത്തില്‍ പ്രതികാര നടപടിയെടുത്ത് ഭാരതത്തെ ഒറ്റപ്പെടുത്താമെന്ന് വിചാരിച്ച അമേരിക്കയാണ് ഒറ്റപ്പെടാന്‍ പോകുന്നത്. പ്രസിഡന്റ് ട്രംപിന്റെ വിവേകരഹിതമായ നടപടിയായാണ് പല രാജ്യങ്ങളും അധിക തീരുവയെ കാണുന്നത്. അമേരിക്കയുടെ ഈ നടപടി സ്വതന്ത്ര വ്യാപാരത്തിന് തടസ്സമാണെന്ന് ജര്‍മനി വ്യക്തമാക്കിയിരിക്കുന്നു. ഭാരതവുമായി വ്യാപാരബന്ധമുള്ള പല രാജ്യങ്ങളുടെയും വികാരം ഇതുതന്നെയാണ്. ലോകത്തെ ഏറ്റവും വലിയ വിപണി ഭാരതത്തിന്റേതാണ്. സ്വദേശി നയത്തില്‍ ഊന്നുകയും, മറ്റു രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഭാരതത്തെയാണ് ഇനി ലോകത്തിന് കാണേണ്ടി വരിക. ട്രംപിന്റെ അഹന്തയും അജണ്ടയുമൊന്നും ഇതിനു മുന്‍പില്‍ വിലപ്പോവില്ല.

By admin