
ശ്രീവിജയപുരം (ആന്‍ഡമാന്‍): ലോകത്തിന്‍ ധര്‍മചിന്ത പകരുക എന്നത് നിയതി ഭാരതത്തിന് നല്കിയ നിയോഗമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രപഞ്ചജീവിതം നിലനില്‍ക്കാന്‍ ധര്‍മം കൂടിയേ തീരു. ഭാരതം നിലനില്‍ക്കുന്നിടത്തോളം ധര്‍മവും നിലനില്‍ക്കും. നമ്മുടേത് അമരമായ രാഷ്‌ട്രമാണ്, സര്‍സംഘചാലക് പറഞ്ഞു. ശ്രീവിജയപുരത്ത് വിരാട് ഹിന്ദു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും എന്നത് ഒരു മുദ്രാവാക്യമല്ല. അതൊരു വസ്തുതയാണ്. മനുഷ്യരാശിയുടെ സുഖത്തിന് വേണ്ടി കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ലോകത്ത് വിവിധ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സുഖം ഉള്ളില്‍ അന്വേഷിക്കണമെന്ന് അവര്‍ മറന്നുപോയി. സനാതന സംസ്‌കൃതിയുടെ പ്രവാഹത്തില്‍ കെട്ടിപ്പടുത്ത ജീവിതമാതൃക ഭാരതം മുന്നോട്ടുവയ്‌ക്കുമെന്ന് ഇന്ന് ലോകം പ്രതീക്ഷിക്കുന്നു, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ പക്കല്‍ സത്യമുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ ലോകം സത്യത്തിലേക്കല്ല, ശക്തിയിലേക്കാണ് നോക്കുന്നത്. അതുകൊണ്ട് സത്യം സ്ഥാപിക്കണമെങ്കിലും ശക്തി അനിവാര്യമാണ്. ശക്തി ഉണ്ടാകുന്നത് സംഘടനയിലൂടെയാണ്. അതുകൊണ്ട് ഒരുമയുടെ ദര്‍ശനം സമൂഹം സ്വീകരിക്കണം. പ്രശ്നങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. അവയെക്കുറിച്ച് അധികം ചര്‍ച്ച ചെയ്ത് സമയം പാഴാക്കരുത്, മറിച്ച് പരിഹാരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
വെല്ലുവിളികളെ അവസരങ്ങളാക്കി മുന്നേറുകയാണ് ഹിന്ദുസമൂഹം ചെയ്യേണ്ടത്. ഭാരതവും സനാതനധര്‍മവും അനശ്വരമാണ്. നമുക്ക് നമ്മുടെ വിശ്വാസത്തിലും ധര്‍മത്തിലും ഉറച്ചുനില്‍ക്കണം. വീടിനുള്ളില്‍ അത് ഉറപ്പിക്കണം. തലമുറകളിലേക്ക് കൈമാറണം. ഭാരതത്തില്‍ വ്യത്യാസങ്ങളില്ല. വൈവിധ്യങ്ങളേയുള്ളു. അത് നമ്മുടെ ഏകാത്മകതയുടെ സവിശേഷതയാണ്. ഒരുമിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. എല്ലാ ഭിന്നതകളും ഇല്ലാതാക്കി ഒന്നിക്കണം. നമ്മുടെ കുടുംബമൂല്യങ്ങളെ സംരക്ഷിക്കണം. പരിസ്ഥിതിയെ പരിപാലിക്കണം. നമ്മുടെ സ്വാഭിമാനത്തെ അടിസ്ഥാനമാക്കി ജീവിക്കണം. ഭാഷ, വേഷം, ഭക്ഷണം എന്നിവയിലെല്ലാം നമ്മുടെ തനിമ കലരണം. എല്ലാ നിയമങ്ങളും അനുശാസിക്കണം. എല്ലാവരുടെയും നന്മയ്‌ക്കായി പ്രയത്‌നിക്കണം. സമൂഹത്തെ ഈ വിധത്തില്‍ മെച്ചപ്പെടുത്തി ലോകത്തിന് മാതൃകയാകാന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു.