
മട്ടാഞ്ചേരി: നാവികസേനയുടെ അഭിമാനമായ പരിശീലന കപ്പല്‍ ഐഎന്‍എസ് സുദര്‍ശിനി ലോക പര്യടനത്തിന് ഒരുങ്ങി. ലോകയാന്‍ 26 എന്നറിയപ്പെടുന്ന കടല്‍യാത്ര ദൗത്യത്തിന് കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് നിന്ന് തുടക്കം കുറിക്കും. നാവിക സേനാ തലവന്‍ പരിശീലന ദൗത്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
പത്ത് മാസം നീളുന്ന ലോകയാന്‍ 26ല്‍ 13 രാജ്യസന്ദര്‍ശനം, 18 തുറമുഖങ്ങളും 21 പോര്‍ട്ട്‌കോളുകളിലും പങ്കെടുത്ത് 20000 നോട്ടിക്കല്‍ മൈല്‍ ദൂരം യാത്രചെയ്യും. കമഡോര്‍ രവികാന്ത് നന്ദൂരി നയിക്കുന്ന ഐഎന്‍എസ് സുദര്‍ശിനി യാത്രയില്‍ നാവിക സേന- തീരദേശ രക്ഷാസേന എന്നിവയില്‍ നിന്നുള്ള 265 പരിശീലന നാവികര്‍ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും.
യാത്രയ്‌ക്കിടെ അന്താരാഷ്‌ട്ര തലത്തില്‍ ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളിലും ഭാരതത്തിന്റെ പ്രാതിനിധ്യവും പ്രൗഢിയും വിളിച്ചറിയിക്കും. സമുദ്രയാന സഹകരണം, സാംസ്‌കാരിക വിനിമയം, നാവിക പരിശീലന സഹകരണം എന്നിവയും ലക്ഷ്യമിടുന്നു. 2012 ജനുവരി 27ന് ദക്ഷിണ നാവിക സേനയുടെ ഭാഗമായി കമ്മിഷന്‍ ചെയ്ത ഐഎന്‍എസ് സുദര്‍ശിനി ക്ലാസ് എ – ത്രി മാസ്റ്റഡ് ബാര്‍ക്ക് കപ്പലാണ്. ഐഎന്‍എസ് തരംഗിണിയുടെ പിന്മുറ പരിശീലന കപ്പലായാണ് വിലയിരു ത്തുന്നത്. 54 മീറ്റര്‍ നീളവും, ആയിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും നാലര മീറ്റര്‍ ആഴവുമുള്ള കപ്പലില്‍ ഏഴര കിലോമീറ്റര്‍ കയറും ഒന്നര കിലോമീറ്റര്‍ സ്റ്റീല്‍ വയറുമുണ്ട്. അഞ്ച് ഓഫീസര്‍മാരും 31 നാവികരും 30 കേഡറ്റുകളെയും ഉള്‍ക്കൊള്ളുന്ന കപ്പലിന് 20 ദിവസം കടലില്‍ തങ്ങുവാനുള്ള സംവിധാനങ്ങളുമുണ്ട്.
150 കേഡറ്റുകളുമായി ഒന്‍പത് ആസിയാന്‍ രാജ്യങ്ങളും 13 തുറമുഖങ്ങളിലുമായി 127 ദിവസത്തെ തെക്കു കിഴക്കന്‍ ഏഷ്യന്‍ യാത്ര പൂര്‍ത്തിയാക്കി അടുത്തിടെ കൊച്ചിയി ലെത്തിയ ഐഎന്‍എസ് സുദര്‍ശിനി ഗള്‍ഫ് രാജ്യങ്ങളും ഇറാനും സന്ദര്‍ശിച്ചിരുന്നു.