• Mon. Dec 1st, 2025

24×7 Live News

Apdin News

ലോക്ഭവനാക്കാനുള്ള ശ്രമങ്ങള്‍ കേരള ഗവര്‍ണര്‍ മുമ്പേ തുടങ്ങി

Byadmin

Dec 1, 2025



തിരുവനന്തപുരം: രാജ്ഭവനുകള്‍ ലോക് ഭവനുകളായി മാറുമ്പോള്‍ വളരെ മുന്നേ അതിനു തുടക്കമിട്ട കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് അഭിമാനം. രാജ്ഭവനെ ജനങ്ങളുടെ ഭവനാക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ബീഹാര്‍ ഗവര്‍ണറായിരിക്കുമ്പോള്‍ത്തന്നെ ആരംഭിച്ചിരുന്നു. അവിടെ സാംസ്‌കാരിക സമ്മേളനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുകയും പൊതുജനങ്ങള്‍ക്ക് രാജ്ഭവനിലേക്കുള്ള പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. കേരളത്തിലും അതേ മാതൃക തുടര്‍ന്നു. രാജ്ഭവനെ കേന്ദ്രീകരിച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന അനവധി പരിപാടികളും പ്രഭാഷണപരമ്പരകളും സംഘടിപ്പിച്ചു. കലാപരിപാടികള്‍ക്കും വേദിയൊരുക്കി. പ്രദര്‍ശിനി തുടങ്ങുന്നതിനുള്ള നടപടികളും ആരംഭിച്ചു.

രാജ്ഭവന്റെ ചരിത്രം
തിരുവിതാംകൂരിലെത്തുന്ന വിദേശ അതിഥികള്‍ക്ക് താമസിക്കാനായി രാജകുടുംബം 1929ല്‍ പണികഴിപ്പിച്ചതാണ് നിലവിലെ രാജ്ഭവന്‍ കെട്ടിടം. ഒന്നാം ലോക മഹായുദ്ധകാലത്ത് (1914-1918) ഇത് തിരുവിതാംകൂര്‍ സൈന്യത്തിന്റെ വാര്‍ റൂമായും ജനറലിന്റെ ഔദ്യോഗിക വസതിയായും ഉപയോഗിച്ചു. യുദ്ധാനന്തര കാലത്ത് കേരള സര്‍വകലാശാലയില്‍ പഠിപ്പിക്കാനെത്തുന്ന വിദേശ അദ്ധ്യാപകരുടെ അതിഥി മന്ദിരമായും തുടര്‍ന്നു.

1956ല്‍ കേരള സംസ്ഥാനം രൂപംകൊണ്ടപ്പോള്‍ ഇത് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായി. ഏറ്റവും പഴയ കെട്ടിടത്തിന് അതിഥികളെയും ഓഫീസുകളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലാതിരുന്നതിനാല്‍ പിന്നീട് വിപുലീകരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടന്നു. പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച പ്രധാന കെട്ടിടത്തിന് ഉയര്‍ന്ന മേല്‍ത്തട്ടുകളും വിശാലമായ മുറികളും വലിയ ജനാലകളും വാതിലുകളും വിക്ടോറിയന്‍ ശൈലിയിലുള്ള ഫിനിഷും പ്രത്യേകതയാണ്.

ഡിജിറ്റല്‍ ഉദ്യാനം സ്ഥാപിച്ച ആദ്യ രാജ്ഭവനാണ് കേരള രാജ്ഭവന്‍. മരങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് വഴി സന്ദര്‍ശകര്‍ക്ക് ഓരോ മരത്തെയും സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം. തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തിനടുത്തുള്ള മയിലാടിയില്‍ നിന്ന് കൊണ്ടുവന്ന മനോഹര പ്രതിമകള്‍ ഉദ്യാനത്തിന് വ്യത്യസ്തമായ ഭംഗി പകരുന്നു. രാജകീയ ശൈലിയില്‍ നിര്‍മിച്ച രണ്ട് മനോഹര ബാന്‍ഡ് സ്റ്റാന്‍ഡുകളുണ്ട്. പരിസരത്ത് ടെന്നിസ് കോര്‍ട്ടും ഷട്ടില്‍ കോര്‍ട്ടും ഒരുക്കിയിരിക്കുന്നു.

നല്ലൊരു ലൈബ്രറിയുമുണ്ട്. ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി എഴുപത്തൊന്ന് ക്വാര്‍ട്ടേഴ്സുകള്‍, ഡിസ്‌പെന്‍സറി, ഇലക്ട്രിക്കല്‍ വിങ് ഓഫീസ്, എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. ‘ദി കേരള ഗവര്‍ണേഴ്സ് ക്യാമ്പ് പോസ്റ്റ് ഓഫീസ്’ എന്ന പേരില്‍ രാജ്ഭവനിലേക്ക് മാത്രം സേവനമനുഷ്ഠിക്കുന്ന ഒരു പ്രത്യേക തപാല്‍ ഓഫീസ് ഉണ്ട്.

രാജ്ഭവന്‍ അങ്കണത്തില്‍ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തത് കഴിഞ്ഞ ഒക്ടോബര്‍ 23ന്.

By admin