സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടം നേടാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ഗുകേഷും ചൈനയുടെ ഡിങ്ങ് ലിറനും തമ്മിലുള്ള രണ്ടാം ഗെയിം സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഡിങ്ങ് ലിറന്‍ 1.5-0.5 എന്ന നിലയില്‍ മുന്നിലാണ്. ആദ്യ കളിയിലെ പരാജയത്തിന്റെ ഷോക്ക് ഇപ്പോഴും ഗുകേഷിനെ പിന്തുടരുന്നു എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു വാര്‍ത്തസമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ട ഗുകേഷിന്റെ ശരീരഭാഷ.
ഗുകേഷിന്റെ സമ്മര്‍ദ്ദം കാണിക്കുന്ന വീഡിയോ:
Ding Chilling
Edit: Abhyudaya Ram #WorldChessChampionship2024 #DingGukesh pic.twitter.com/SZyuZ8mreP
— ChessBase India (@ChessbaseIndia) November 25, 2024
രണ്ടാം ഗെയിമില്‍ ആദ്യ 15 കരുനീക്കങ്ങളില്‍ ഡിങ്ങ് ലിറനായിരുന്നു മേല്‍ക്കൈ നേടിയതെന്ന് കളി വിലയിരുത്തിയ ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് പറയുന്നു. രണ്ടാമത്തെ കളിയില്‍ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച ഗുകേഷ് മൂന്ന് തവണ നീക്കങ്ങള്‍ ഒരു പോലെ ആവര്‍ത്തിക്കുക വഴി സമനില നേടിയെടുക്കുകയായിരുന്നു. ആദ്യ ഗെയിമിലെ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഗുകേഷ് ഒരു സമനിലയ്‌ക്ക് കൊതിക്കുന്നതുപോലെ തോന്നിയെന്ന് ഡച്ച് ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരി വിലയിരുത്തുന്നു.
മൂന്നാം ഗെയിം ബുധനാഴ്ച
നാളെ, ബുധനാഴ്ചയാണ് മൂന്നാമത്തെ ഗെയിം. ഈ ഗെയിമില്‍ ഗുകേഷ് വെള്ളക്കരുക്കള്‍ ഉപയോഗിച്ചാണ് കളിക്കുക. മൂന്നാം ഗെയിമില്‍ താന്‍ കൂടുതല്‍ ആക്രമണോത്സുകമായി കളിക്കുമെന്നാണ് ഡിങ്ങ് ലിറന്‍ പറഞ്ഞത്.
സമയസമ്മര്‍ദ്ദത്തിലാവുന്ന ഗുകേഷ്
മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഉള്‍പ്പെടെ ലോകത്തിലെ നിരവധി ചെസ് താരങ്ങളും വിദഗ്ധരും ഗുകേഷിനാണ് വിജയം പ്രവചിച്ചിരുന്നതെങ്കിലും ആദ്യ കളിയിലെ തോല്‍വി കാര്യങ്ങള്‍ ആകെ മാറ്റിമറിക്കുകയായിരുന്നു. സിംഗപ്പൂരില്‍ ആദ്യ കളി ആരംഭിക്കുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ കൂളായി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ഡിങ്ങ് ലിറനെയും ആകെ സമ്മര്‍ദ്ദത്തോടെയിരിക്കുന്ന ഗുകേഷിനെയും ആണ് കണ്ടത്. രണ്ടാമത്തെ ഗെയിമിലും തുടക്കത്തില്‍ ക്ലോക്കില്‍ സമയം അറിഞ്ഞ് മുന്നേറുന്നതില്‍ പിഴവ് വരുത്തിയതിനാല്‍ സമയസമ്മര്‍ദ്ദം ഗുകേഷിന് മേല്‍ ഉണ്ടായിരുന്നു. ആദ്യ കളിയില്‍ ഗുകേഷായിരുന്നു ഓപ്പണിംഗ് ഗെയിമില്‍ മുന്‍പില്‍. പക്ഷെ തുടക്കം കഴിഞ്ഞ് മിഡില്‍ ഗെയിമിലേക്ക് കടന്നതോടെ ഗുകേഷ് പതറി. അവിടെയാണ് ഡിങ്ങ് ലിറന്‍ നേട്ടം കൊയ്തത്. 42 നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് തോല്‍വി സമ്മതിച്ചു.
ഡിങ്ങ് ലിറന്‍ ലോകചെസ് കിരീടപ്പോരാട്ടം ആരംഭിയ്‌ക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ കളിയാത്തവനെപ്പോലെ പെരുമാറിയിരുന്നു. പല കളികളിലും തോറ്റും ആകര്‍ഷകമായ കിരീടനേട്ടങ്ങള്‍ ഇല്ലാതെയും ഫോം നഷ്ടപ്പെട്ടവനെപ്പോലെയാണ് ഡിങ്ങ് ലിറന്‍ പെരുമാറിയിരുന്നത്. എന്നാല്‍ പിന്നാമ്പുറത്ത് ലോക കിരീടപ്പോരാട്ടം മുന്നില്‍ കണ്ട് ചൈന അതിവിപുലമായ ഒരുക്കങ്ങള്‍ ഡിങ് ലിറനുവേണ്ടി നടത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാരണം അദ്ദേഹത്തിന്റെ കരുനീക്കങ്ങള്‍ അതീവവിസ്മയം ജനിപ്പിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഗജേവ്സ്കിയ്‌ക്ക് പിഴച്ചുവോ
പോളണ്ടിലെ ഗ്രാന്‍റ് മാസ്റ്റര്‍ ഗജേവ്സ്കിയാണ് ഗുകേഷിനെ ലോകചെസ് പോരാട്ടത്തിന് ഒരുക്കിയിരുന്നത്. ഇപ്പോള്‍ ഗുകേഷിനെ ഇത്രയും വലിയ പോരാട്ടത്തിന് ഒരുക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് പിഴവുപറ്റിയോ എന്ന രീതിയിലും ചില ചര്‍ച്ചകള്‍ നടക്കുന്നു. കാരണം ഡിങ് ലിറന്‍ പുതിയ കരുനീക്കങ്ങളാണ് പ്രയോഗിക്കുന്നത്. എന്നാല്‍ ഗുകേഷിനാകട്ടെ അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുമില്ല.
ഗുകേഷിന്റെ മനസ്സൊരുക്കിയതില്‍ പാഡി അപ്ടണ് പിഴച്ചുവോ?
പാഡി അപ്ടണ്‍ എന്ന മെന്‍റല്‍ കോച്ച് ആണ് ഗുകേഷിനെ മാനസികമായി ഒരുക്കിയിരുന്നത്. എന്നാല്‍ ആദ്യ ഗെയിം മുതലേ ഗുകേഷ് സമ്മര്‍ദ്ദത്തിലാണ്. അതിന്റെ സൂചനയാണ് ഗുകേഷ് ക്ലോക്കിലെ സമയം പാലിക്കുന്നതില്‍ വരുത്തുന്ന പിഴവുകള്‍. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ശാന്തമായ മനസ്സോടെ തീരുമാനമെടുക്കലാണ് പ്രധാനം. പക്ഷെ ഗുകേഷ് സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മാനസിക നിയന്ത്രണം ഉള്ള യുവാവാണെന്ന് പാഡി അപ്ടണ്‍ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ കളിക്കളത്തില്‍ കാണുന്നത് തികച്ചും മാനസിക സമര്‍ദ്ദം അനുഭവിക്കുന്ന ഗുകേഷിനെയാണ്. ഒന്നാം ഗെയിമില്‍ ഒരു നീക്കത്തില്‍ പിഴവ് വരുത്തിയപ്പോള്‍ കളി കൈവിട്ടതുപോലെ പെരുമാറുന്ന ഗുകേഷിനെ കാണാം. അതേ സമയം സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി വെള്ളം കുടിക്കുന്ന ഡ്രൈഫ്രൂട്ട് കഴിക്കുന്ന ചൈനയുടെ ഡിങ്ങ് ലിറനെയും കാണാം. ലോക ചാമ്പ്യന്‍മാരെ ഒരുക്കിയ പരിചയമുള്ള വ്യക്തിയായ പാഡി അപ്ടന് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഒരു ഗുകേഷിനെ ഒരുക്കാന്‍ കഴിഞ്ഞില്ലേ എന്ന സംശയം ഉയരുന്നു.
.
14ല്‍ ഏഴര പോയിന്‍റ് ആദ്യം ആര് നേടും?
14 ഗെയിമുകളില്‍ ആരാണോ 7.5 പോയിന്‍റ് നേടുന്നത് അയാള്‍ വിജയിയാകും. 14 ഗെയിം കഴിഞ്ഞും ഇരുകൂട്ടരും തുല്യപോയിന്‍റോടെ നിന്നാല്‍ അതിവേഗ സമയക്രമം ഏര്‍പ്പെടുത്തി നടത്തുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ആള്‍ ജേതാവാകും.