
ന്യൂദല്‍ഹി: ലോറി ഉടമ മനാഫിന്റെ വിശ്വാസ്യത കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്ര വിവാദത്തില്‍ നഷ്ടമായി. ഇതിന്റെ സൂചനയാണ് ഇപ്പോള്‍ പങ്കുവെയ്‌ക്കുന്ന വീഡിയോകളോട് പ്രേക്ഷകര്‍ കാണിക്കുന്ന അപ്രീതി. മൂന്ന് ദിവസം മുന്‍പ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പാലക്കാട് മരിച്ച ഛത്തീസ് ഗഢ് സ്വദേശി രാംനാരായണ്‍ ബാഗേലിനെക്കുറിച്ച് പങ്കുവെച്ച വീഡിയോ കണ്ടത് 756 പേര്‍ മാത്രം. മാത്രമല്ല ധര്‍മ്മസ്ഥല ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതോടെ മനാഫ് തന്റെ പഴയ വീഡിയോകള്‍ എല്ലാം പിന്‍വലിച്ചിരിക്കുകയാണ്.
പണ്ടത്തേതു പോലെ ദിവസവും ലൈവില്‍ വരുന്ന പതിവ് നിര്‍ത്തി മൂന്ന് ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്‌ക്ക് മുന്‍പ് മൂന്ന് മാസം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയേ ഉള്ളൂ. പിന്നെ സ്ഥലം വില്‍പനയുടെ പരസ്യങ്ങളാണ് കാണുന്നത്. ലോറി ഉടമ മനാഫും ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റാണെന്ന് കരുതുന്നു. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ പല റിയല്‍ എസ്റ്റേറ്റ് മാഫിയകളും കണ്ണുവെച്ചിരുന്നു എന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയ, അര്‍ബന്‍ നക്സല്‍ മാധ്യമങ്ങള്‍, തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകള്‍, മതപരിവര്‍ത്തനലോബി, സംഘപരിവാര്‍ വിരുദ്ധ രാഷ്‌ട്രീയസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെടെ പല താല്‍പര്യക്കാര്‍ ഒത്തുചേര്‍ന്നാണ് ധര്‍മ്മസ്ഥല വിവാദം സൃഷ്ടിക്കപ്പെട്ടത്.
ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കുഴിച്ചിട്ടിട്ടുണ്ടെന്ന രീതിയില്‍ നുണക്കഥകള്‍ പറഞ്ഞ് പരത്തുമ്പോള്‍ സംഘിവിരുദ്ധരായ ലക്ഷക്കണക്കിന് പേര്‍ ലോറി ഉടമ മനാഫ് എന്ന പേരിലുള്ള യൂട്യൂബിലെ വീഡിയോകള്‍ കണ്ടിരുന്നു. മനാഫ് തന്നെയാണ് കേരളത്തിലേതുള്‍പ്പെടെയുള്ള മാധ്യമങ്ങളെ ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ എത്തിച്ചത്. അന്ന് ഇയാള്‍ ധര്‍മ്മസ്ഥല പ്രശ്നത്തിലെ സ്വയം പ്രഖ്യാപിത മീഡിയ കോര്‍ഡിനേറ്റര്‍ പോലെ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ കേരളത്തിലെ ഈ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലോറി ഉടമ മനാഫ് തങ്ങളെ ചതിച്ചു എന്ന് ആരോപിക്കുന്നവരാണ്. കാരണം ന്യൂസ് 18, 24 ന്യൂസ്, റിപ്പോര്‍ട്ടര്‍, മലയാളം വാര്‍ത്ത തുടങ്ങിയ ചാനലുകളുടെ വിശ്വാസ്യത ധര്‍മ്മസ്ഥല വിവാദത്തെക്കുറിച്ച് പൊലിപ്പിച്ച ഇല്ലാക്കഥകള്‍ പറഞ്ഞ് തകര്‍ന്നുപോയിരുന്നു.
ധര്‍മ്മസ്ഥലയെ ചുറ്റിപ്പറ്റി കെട്ടി ഉയര്‍ത്തിയ നുണക്കോട്ടകള്‍ പൊളിഞ്ഞതോടെയാണ് മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് താഴ്ന്നത്. ‘ഇവിടെ കുഴിച്ചാല്‍ നൂറ് മൃതദേഹങ്ങളെങ്കിലും കിട്ടും’ എന്ന ലോറി ഉടമ മനാഫിന്റെ വാക്കുകള്‍ കേട്ട് കേരളത്തിലെ ടിവി ചാനലുകള്‍ തകര്‍ത്താടിയിരുന്നതാണ്. “സുജാത ഭട്ടിന്റെ മകളായ ഡോക്ടറെ ധര്‍മ്മസ്ഥലയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന ശേഷം കാണാതായി” തുടങ്ങി ആത്മവിശ്വാസത്തോടെ മനാഫ് പറയുന്നത് കേട്ട് പലരും അത് വിശ്വസിച്ചുപോയിരുന്നു. എന്നാല്‍ സുജാത ഭട്ട് നുണക്കഥ പറയുകയായിരുന്നു എന്ന് അവര്‍ തന്നെ പിന്നീട് സമ്മതിച്ചു. അവര്‍ക്ക് ഡോക്ടറായ മകള്‍ പോലും ഇല്ല. ഇതോടെ മനാഫിന്റെ വാക്കുകള്‍ കേട്ട് പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തകള്‍ നല്‍കിയ ടിവി ചാനലുകളും അവയുടെ റിപ്പോര്‍ട്ടര്‍മാരും പെട്ടു. കാരണം ഇവരുടെ വിശ്വാസ്യതയും തകര്‍ന്നു. കോടതിനിര്‍ദേശപ്രകാരം മനാഫ് ചൂണ്ടിക്കാണിച്ച ഇടങ്ങളിലെല്ലാം ജെസിബി വന്ന് മീറ്റുകളോളം ആഴത്തില്‍ കുഴിയെടുത്തിട്ടും കൂട്ടത്തോടെ സ്ത്രീകളുടെ ശവങ്ങള്‍ മറവു ചെയ്തതിന്റെ ഒരു ലക്ഷണവും കണ്ടില്ല.
ഈ കേസില്‍ 3900 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഇതില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്ര അധികാരികളെക്കുറിച്ചും കെട്ടുകഥകള്‍ പ്രചരിപ്പിച്ച ഗിരീഷ് മട്ടന്നവര്‍, ടി. ജയന്ത്, മഹേഷ് ഷെട്ടി തിമ്മരോടി, വിട്ടല ഗൗഡ, സുജാത ഭട്ട്, ചിന്നയ്യ എന്ന ശുചീകരണത്തൊഴിലാളി എന്നിവര്‍ പ്രതികളാണ്. ബെല്‍തങ്ങാടി കോടതി ഡിസംബര്‍ 26ന് ഈ കേസില്‍ വിധി പറയേണ്ടതായിരുന്നു. ഇപ്പോള്‍ ഡിസംബര്‍ 29ലേക്ക് നീട്ടിവെച്ചു. ആ വിധി വരുന്നതോടെ മനാഫിന്റെ കള്ളം കൂടുതല്‍ തെളിയും.