ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച സിറോ മലബാര്‍ സഭയെ തള്ളി മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. സഭ സ്വീകരിച്ച നിലപാടില്‍ ആശ്ചര്യവും സങ്കടവും തോന്നിയെന്ന് ഫാദര്‍ പോള്‍ പറഞ്ഞു.
‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പൊലീസും എന്‍.ഐ.എയും തന്നെ കോടതികളില്‍ സത്യവാങ്മൂലം നൽകിയതാണ്. അവര്‍ക്കറിയാത്ത ലൗ ജിഹാദിനെ കുറിച്ച് മെത്രാന്മാര്‍ എങ്ങനെയറിഞ്ഞു,’ ഫാദര്‍ പോള്‍ തേലക്കാട്ട്.
കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പൊലീസും എന്‍.ഐ.എയും തന്നെ കോടതികളില്‍ സത്യവാങ്മൂലം നല്‍കിയതാണെന്നും അവര്‍ക്കറിയാത്ത ലൗ ജിഹാദിനെ കുറിച്ച് മെത്രാന്മാര്‍ എങ്ങനെയറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.
ലൗ ജിഹാദ് ഉണ്ടെങ്കില്‍ അത് പൊലീസിനോടാണ് പറയേണ്ടതെന്നും അല്ലാതെ പൊതുസമൂഹത്തിനോടല്ലെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുമായും ഇസ്‌ലാം മതസ്ഥരുമായും സൗഹാര്‍ദത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സമൂഹത്തിലെ സ്ത്രീപുരുഷന്മാര്‍ സമന്മാരായും സമത്വത്തോട് കൂടിയും ജീവിക്കുന്നവരാണ്. അവര്‍ക്ക് പഠിക്കാനും വളരാനുമുള്ള എല്ലാ സന്ദര്‍ഭങ്ങളുമുണ്ട്. അവരുടെ വിവാഹം എന്നത് അവരുടെയും അവരുടെ കുടുംബത്തിന്റെയും തീരുമാനമാണ്. എന്നാല്‍ ഇത്ര വയസില്‍ കല്യാണം കഴിക്കണമെന്നെല്ലാം ഉത്തരവിടാന്‍ പി.സി. ജോര്‍ജിന് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും ഫാദര്‍ പോള്‍ ചോദിച്ചു.
മുസ്‌ലിം വൈര്യമുള്ള കാസ പോലുള്ള സംഘടനകള്‍ നമ്മുക്കിടയില്‍ വളരുന്നുണ്ടെന്നും അത്തരം കാര്യങ്ങളെ വിവേകപൂര്‍വം നിയന്ത്രിക്കേണ്ടവരും വെറുപ്പ് സൃഷ്ടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളാകാതെ പ്രവര്‍ത്തിക്കേണ്ടവരും തന്നെ വഴിതെറ്റുന്നത് നിര്‍ഭാഗ്യകരമാണെന്നും ഫാദര്‍ പോള്‍ പറഞ്ഞു.
നുണ പറയുന്നതും വ്യാജങ്ങള്‍ ചെയ്യുന്നതും വാക്ക് മാറുന്നതും പ്രത്യക്ഷമായി നുണ പറയുന്നതും സഭാ നേതാക്കളില്‍ നിന്നുണ്ടാക്കേണ്ട നീക്കങ്ങളല്ല. മാര്‍പാപ്പയോട് പോലും നുണ പറഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈര്യത്തിന്റെ ഭാഷയല്ല. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഭാഷയാണ് പറയേണ്ടത്. അതല്ലാത്തത് മാര്‍പ്പാപ്പ പറയുന്നതിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യത്തിനും ധര്‍മത്തിനും വേണ്ടി തോല്‍ക്കാന്‍ തയ്യാറാവേണ്ടവരാണ് സഭാ നേതാക്കളെന്നും ഫാദര്‍ പറഞ്ഞു.
മീനച്ചില്‍ പഞ്ചായത്തില്‍ മാത്രമായി ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്നാണ് പി.സി. ജോര്‍ജ് ആരോപിച്ചത്. നഷ്ടപ്പെട്ട 400 കുട്ടികളില്‍ 41 കുട്ടികളെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാവണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.
കല്യാണം കഴിഞ്ഞിട്ട് പഠിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ഇതിനുപിന്നാലെ സിറോ മലബാര്‍ സഭയും കാസയും പി.സി. ജോര്‍ജിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയായിരുന്നു.