• Wed. Nov 6th, 2024

24×7 Live News

Apdin News

വകുപ്പുതല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി

Byadmin

Nov 4, 2024


കൽപ്പറ്റ: ഓട്ടോ ഡ്രൈവറായിരുന്ന യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണം. വയനാട് അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. പോക്സോ കേസിൽ കുടുക്കുമെന്ന പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയത് എന്നാണ് ആരോപണം. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പുഴയിൽ ചാടും മുമ്പ് ഇക്കാര്യം വ്യക്തമാക്കി യുവാവ് വീഡിയോയും ചിത്രീകരിച്ചിരുന്നു. തന്നെ പോക്സോ കേസിൽ പെടുത്തി എന്ന് പറഞ്ഞ് യുവാവ് സഹോദരിക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. പരിചയമുള്ള പെൺകുട്ടിയുമായി വഴിയരുകിൽ സംസാരിച്ച് നിന്നതിനാണ് പൊലീസ് യുവാവിനെ പോക്സോ കേസിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സഹോദരിക്ക് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ യുവാവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.

ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രതിന്റെ ഓട്ടോറിക്ഷ പുഴയ്‌ക്കരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് സംശയം തോന്നി സിഎച്ച് റസ്‌ക്യൂ പ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്.

അതേസമയം, യുവാവിനെതിരെ പോക്സോ കേസ് എടുത്തിട്ടില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രതിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഒരുമിച്ച് കണ്ട പൊലീസ് സംഭവം ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയായിരുന്നു. പോക്സോ കേസിൽപെട്ടാൽ കുടുങ്ങിപ്പോകും എന്ന് പറയുകയാണുണ്ടായതെന്നും പൊലീസ് വ്യക്തമാക്കുന്നു. പൊതുസ്ഥലത്ത് ശല്യം ചെയ്തെന്ന കുറ്റം ചുമത്തി കമ്പളങ്ങാട് പൊലീസ് ശനിയാഴ്‌ച്ച രാത്രിയിൽ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.



By admin