
തമിഴ്നാട് സര്‍ക്കാരും സംസ്ഥാന ഗവര്‍ണറും തമ്മിലുള്ള നിയമത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ 2025 ഏപ്രില്‍ 8-ന് സുപ്രീം കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഒരു വിധി പ്രസ്താവിച്ചിരുന്നു. ഗവര്‍ണറുടെ അംഗീകാരം ഇല്ലാതിരുന്ന പത്ത് ബില്ലുകള്‍ നിയമപ്രാബല്യം നേടിയതായി അതില്‍ പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ, സംസ്ഥാനപരിധിയില്‍ ഒതുങ്ങേണ്ട ഒരു ഭരണഘടനാത്തര്‍ക്കം പാര്‍ലമെന്ററി സമീപനത്തിന് ഉചിതമാകാത്ത സങ്കീര്‍ണ്ണതകളിലേക്ക് വളഞ്ഞുകയറി. രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ ഭരണഘടന എത്രമാത്രം മൗലികമായി രൂപപ്പെടുത്തിയിരിക്കുന്നുവെന്ന് കാണുമ്പോഴാണ് ആ വിധി ഉയര്‍ത്തിയ ആശങ്കകളുടെ ഗൗരവം വ്യക്തമാകുന്നത്. ഭരണഘടനയുടെ ആമുഖത്തെയും ആദ്യ വകുപ്പിനെയും മാത്രമൊന്നു പരിശോധിച്ചതിന് ശേഷം കോടതിവിധിയിലേക്ക് കടക്കാം.
ആമുഖതത്വം
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ അന്തിമ ലക്ഷ്യമെന്ന നിലയിലാണ് വ്യക്തികളുടെ അന്തസ്സിനെയും രാജ്യത്തിന്റെ ഏകതയെയും സമഗ്രതയെയും ഭരണഘടനയുടെ ആമുഖം സ്ഥാപിക്കുന്നത്. നിയമവകുപ്പുകളുടെ ഒറ്റപ്പെട്ട വ്യാഖ്യാനങ്ങളിലൂടെ ഈ മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും സംരക്ഷിക്കാനാവില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയാണ് ഇതിനുള്ള അടിസ്ഥാനമെന്നും ആമുഖം പ്രഖ്യാപിക്കുന്നു. വ്യക്തിയുടെ അന്തസ്സും രാഷ്‌ട്രത്തിന്റെ ഏകവും സമഗ്രവുമായ നിലനില്‍പ്പുമെന്ന ആശയങ്ങള്‍ പരസ്പരം വേര്‍തിരിക്കാനാവാത്ത ഏകമൂലിയാണെന്ന് അടിവരയിടുന്നു.
ഭരണഘടനയുടെ ഒന്നാം വകുപ്പ്
ആമുഖം തത്വപരമായി സ്ഥാപിച്ച അഖണ്ഡതയുടെ ആശയത്തിന് നിയമപരമായ ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഭരണഘടനയുടെ ഒന്നാം വകുപ്പ് ‘ഇന്ത്യ അഥവാ ഭാരതം, ഒരു യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് ആയിരിക്കും’ എന്ന് പ്രഖ്യാപിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് സ്വമേധയാ വേര്‍പെടാനുള്ള അവകാശം നിലനില്‍ക്കുന്ന അമേരിക്കന്‍ മാതൃകയെ ഭാരതം സ്വീകരിച്ചിട്ടില്ലെന്ന് ഭരണഘടനാശില്പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ വ്യക്തമായി വിശദീകരിച്ചിട്ടുമുണ്ട്. ‘യുണൈറ്റഡ് സ്റ്റേറ്റ്സ്’ എന്ന പദത്തിന് പകരം ‘യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ്’ എന്ന സങ്കല്‍പം ആദ്യ വകുപ്പില്‍ ഉപയോഗിച്ചതും ദേശീയ അഖണ്ഡതയെ നങ്കൂരമാക്കി, തുടര്‍ന്നുള്ള നിയമരചന രൂപകല്‍പ്പന ചെയ്യുന്നതിനായിട്ടാണ്. ‘യൂണിയന്‍’ എന്ന പദം കേവലം ഐക്യം മാത്രമല്ല, വേര്‍പിരിക്കാനാവാത്ത വിധം രൂപപ്പെട്ട സ്ഥിരസമന്വയമെന്നും അര്‍ത്ഥമാക്കുന്നു.
രാഷ്‌ട്രപതിയും ഗവര്‍ണറും
ഭാരത ഭരണഘടനയെ ‘ക്വാസി-ഫെഡറല്‍’ എന്ന് വിശേഷിപ്പിക്കുന്നത് വിമര്‍ശനമല്ല. അതിന്റെ തനതായ സ്വഭാവത്തെത്തന്നെ അത് സൂചിപ്പിക്കുന്നു. ഭാരതം പൂര്‍ണ്ണ ഫെഡറല്‍ സംവിധാനമല്ലെന്നതിന് ഏറ്റവും വ്യക്തമായ ദൃഷ്ടാന്തം സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവിയാണ്. ഈ പദവിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ വിവിധ രാഷ്‌ട്രീയ ചര്‍ച്ചകളും സമരരൂപങ്ങളും ആവിഷ്‌കരിക്കപ്പെടുന്നത് എന്നതും ശ്രദ്ധിക്കണം. ഈ പശ്ചാത്തലത്തിലായിരുന്നു ഏപ്രില്‍ 8-ലെ ഡിവിഷന്‍ ബഞ്ച് വിധി. ഗവര്‍ണര്‍ക്ക് പുറമെ രാഷ്‌ട്രപതിയുടെ അധികാരങ്ങളും വിധിയില്‍ പരാമര്‍ശിക്കപ്പെട്ടു.
സംസ്ഥാനങ്ങളില്‍ ലെജിസ്ലേറ്റര്‍, എക്സിക്യൂട്ടീവ് എന്നിവയുടെ തലവനാണ് ഗവര്‍ണര്‍. കേന്ദ്രത്തില്‍ ഈ സ്ഥാനത്തുള്ളത് രാഷ്‌ട്രപതിയാണ്. എന്നാല്‍ രാഷ്‌ട്രപതി, തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേല്‍ക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാ തലവന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമനത്തിലൂടെയാണ് എത്തുന്നത്. ഏകതയും അഖണ്ഡതയും അടിസ്ഥാനതത്വങ്ങളായ ഫെഡറല്‍ സംവിധാനത്തെ ഉറപ്പുവരുത്തുന്നതിനായി ഭരണഘടന സ്വീകരിച്ച അടിസ്ഥാന രൂപകല്പനയുടെ ഭാഗമാണിത്.
തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രപതിക്ക് അത്യന്തം പരിമിതമായ വിവേചനാധികാരം നല്‍കിയിരിക്കുമ്പോള്‍, തെരെഞ്ഞെടുപ്പില്ലാതെ സ്ഥാനത്തെത്തുന്ന ഗവര്‍ണര്‍ക്ക് വിപുലമായ വിവേചനാധികാരം അനുവദിച്ചിരിക്കുന്നത് ഭാരതത്തിന്റെ തനതായ ഫെഡറല്‍ രൂപകല്പനയുടെ മര്‍മ്മത്തെ വെളിപ്പെടുത്തുന്നു.
രാജ്യത്തിന്റെ ഏകത, സമഗ്രത, അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിലും, ആമുഖത്തില്‍ രേഖപ്പെടുത്തിയ രാഷ്‌ട്രസംഘാടനത്തിന്റെ പരമ ലക്ഷ്യങ്ങളിലേക്ക് ഏകോപിതമായി മുന്നേറുന്നതിലും ഗവര്‍ണര്‍ പദവിക്ക് നിര്‍ണ്ണായക സ്ഥാനം കല്പിക്കപ്പെട്ടിരിക്കുന്നു. ഈ പദവിയുടെ ചില പ്രത്യേക അധികാരങ്ങളില്‍ സുപ്രീം കോടതിക്കുപോലും ഇടപെടാനുള്ള പരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലം ഇതുതന്നെയാണ്.
ഏപ്രില്‍ എട്ടിന്റെ വിധി: സ്വഭാവവും ആശങ്കകളും
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന നിര്‍ബന്ധമാണ് ഏപ്രില്‍ 8-ലെ വിധിയുടെ പ്രധാന ഉള്ളടക്കം. ഭരണഘടനയില്‍ സൂചനയായിപ്പോലും കാണാത്ത ഈ നിബന്ധനയെ അടിസ്ഥാനമാക്കി, ഗവര്‍ണറുടെ അംഗീകാരം ലഭിക്കാതിരുന്ന ബില്ലുകള്‍ക്കും കോടതിവിധിയിലൂടെ നിയമപ്രാബല്യം അനുവദിക്കപ്പെട്ടു. ഇതോടെ ഗവര്‍ണറുടെ വിവേചനാധികാരം മിക്കവാറും പൂര്‍ണ്ണമായിത്തന്നെ അപഹരിക്കപ്പെടുന്ന സാഹചര്യം രൂപപ്പെട്ടു. കേന്ദ്രസംസ്ഥാന ഏകോപനത്തില്‍ നിര്‍ണ്ണായകമായ ഈ പദവി ദുര്‍ബലപ്പെടുമെന്ന സംശയങ്ങള്‍ ഉയര്‍ന്നത് സ്വാഭാവികമായിരുന്നു.
ഒരു സംസ്ഥാനത്തെ സംബന്ധിക്കുന്ന പ്രത്യേക നിയമപ്രശ്നം പരിഗണിക്കുന്നതിനിടയില്‍, സഹകരണാധിഷ്ഠിത ഫെഡറലിസത്തിന്റെ സ്വഭാവം തന്നെ പുനര്‍നിര്‍ണ്ണയിക്കുന്ന തരത്തിലായിരുന്നു ഈ വിധി. ഇതുവഴി തീരുമാനം, നിയമവ്യാഖ്യാനം കടന്ന് നിയമനിര്‍മ്മാണത്തിലേക്കാണ് നീങ്ങുന്നതെന്ന ആശങ്കകള്‍ പൊതുസമൂഹത്തിലുണ്ടായി.
രാഷ്‌ട്രപതി പദവി
വകുപ്പ് 200 പ്രകാരം രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കുന്ന ബില്ലുകള്‍ക്കും മൂന്നു മാസത്തെ നിര്‍ബന്ധിത കാലപരിധി ബാധകമാക്കിയിരുന്നു ഏപ്രില്‍ 8-ലെ വിധിയില്‍. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ശില്പകൗശലമായി കാണപ്പെടുന്ന ഈ വകുപ്പ് ഒരു സമയനിയമത്തിലൂടെ നിയന്ത്രിക്കപ്പെട്ടപ്പോള്‍ ഫെഡറല്‍ സങ്കല്പത്തിന്റെ അടിസ്ഥാനരൂപത്തിനാണ് ഇളക്കം തട്ടിയത്. ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെയും രാഷ്‌ട്രീയ ഇച്ഛാശക്തിയുടെയും പ്രതീകമാണ് രാഷ്‌ട്രപതി പദവി. അതിനെ ഒരു പ്രവര്‍ത്തി ബാധ്യതാ ഓഫീസായി ചുരുക്കുന്നത് രാഷ്‌ട്ര ശരീരത്തെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതിന് കാരണമായേക്കും. ഭരണഘടന രാഷ്‌ട്രപതിക്ക് നല്‍കിയിരിക്കുന്ന പ്രതീകാത്മക ഉയര്‍ച്ചയും പ്രവര്‍ത്തിപരമായ വഴക്കവും ‘മണ്ടാമസ് റിറ്റ്’ അര്‍ത്ഥമാക്കുന്ന ഉത്തരവാദിത്ത നിര്‍ബന്ധങ്ങളിലേക്ക് ഒതുക്കുമ്പോള്‍ റിപ്പബ്ലിക് എന്ന ശക്തമായ ആശയത്തിന്റെ ആത്മാവ് ചോര്‍ത്തപ്പെടുമെന്നതായിരുന്നു ആശങ്കയുടെ അടിസ്ഥാനം.
രാഷ്‌ട്രപതി പദവി: പ്രതിജ്ഞാവാചകങ്ങള്‍; വകുപ്പ് 201
പദവികളില്‍ ഒന്നാമത് എന്നത് മാത്രം രാഷ്‌ട്രപതിയുടെ സ്ഥാനത്തെ നിര്‍വചിക്കാന്‍ മതിയാകില്ല. അതിന് അനുപമമായ ഒരു ഉയര്‍ച്ചയുണ്ട്. മന്ത്രിമാര്‍ നിയമാനുസൃതമായ പ്രവര്‍ത്തനനിഷ്ഠയും, ജഡ്ജിമാര്‍ ഭരണഘടനാനിഷ്ഠയും പ്രതിജ്ഞ ചെയ്യുമ്പോള്‍, ഭരണഘടനയെ പരിരക്ഷിക്കാനും, സുരക്ഷിതമാക്കാനും, പ്രതിരോധിക്കാനുമാണ് രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്. സംസ്ഥാനങ്ങളില്‍ ഈ മഹത്തായ സ്ഥാനത്തിന്റെ ഭരണഘടനാപരമായ നിര്‍വ്വഹണത്തിനായി ഗവര്‍ണര്‍മാരെയാണ് നിയമിക്കുന്നത്.
ഭരണഘടനാ നിര്‍മ്മിതാക്കള്‍ രാഷ്‌ട്രപതിക്ക് സമയവ്യവസ്ഥ ബോധപൂര്‍വ്വം ഒഴിവാക്കിയതിന്റെ വ്യക്തമായ ദൃഷ്ടാന്തം വകുപ്പ് 201 ആണ്. രാഷ്‌ട്രപതി തീരുമാനമെടുക്കേണ്ട സമയത്തെക്കുറിച്ച് മൗനം പാലിച്ചാണ് ഈ വകുപ്പ് തുടങ്ങുന്നത്. എന്നാല്‍ രാഷ്‌ട്രപതിയുടെ നിര്‍ദ്ദേശങ്ങളോടെ തിരികെ വരുന്ന ബില്ലുകളില്‍ നിയമസഭയ്‌ക്ക് ആറ് മാസത്തെ സമയപരിധി നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. നിയമവിജ്ഞാനവും രാഷ്‌ട്രീയധിഷണയും ചേര്‍ന്നുള്ള ഭരണഘടനാ രൂപകല്പനയുടെ ദൃഷ്ടാന്തമാണിത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ രാഷ്‌ട്രീയ ഇച്ഛയ്‌ക്ക് സമയ കല്പനകള്‍ ബാധകമാക്കേണ്ടതില്ല എന്നതാണ് ഭരണഘടനയുടെ തെളിഞ്ഞ പ്രഖ്യാപനം.
രാഷ്‌ട്രീയത്തില്‍ ചിലപ്പോഴൊക്കെ, ദീര്‍ഘമെന്ന് തോന്നുന്ന ഇടവേളകള്‍ വഴിമാത്രം പരിഹരിക്കാനാവുന്ന സങ്കീര്‍ണ്ണതകള്‍ ഉദയം ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ സമവായത്തിന്റെ ആവശ്യകതയും അതിന്റെ സ്വഭാവവും ചില മൗനങ്ങള്‍ കൊണ്ടുതന്നെ ഭരണഘടന സൂചിപ്പിച്ചിരിക്കുന്നു. ജീവന്റെ ശ്വാസമുള്ള ആ ഇടവേളകളെ സാങ്കേതിക വ്യാഖ്യാനങ്ങളിലൂടെ അടച്ചുപൂട്ടാന്‍ ശ്രമിച്ചപ്പോഴാണ് ഏപ്രില്‍ 8-ലെ വിധി ജനാധിപത്യവിശ്വാസികളില്‍ ആശങ്ക വളര്‍ത്തിയത്.
രാഷ്‌ട്രപതിയുടെ ഇടപെടല്‍; കോടതിയുടെ തിരുത്തല്‍
ഏപ്രില്‍ 8-ലെ സുപ്രീം കോടതി വിധി രാഷ്‌ട്രീയനിയമ വൃത്തങ്ങളിലും പൊതുസമൂഹത്തിലും ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയ സാഹചര്യത്തിലാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, വകുപ്പ് 143 ഉപയോഗിച്ച് സുപ്രീം കോടതിയോട് നിയമോപദേശം അഭ്യര്‍ത്ഥിച്ചത്. 2025 മെയ് 13-ന് സമര്‍പ്പിക്കപ്പെട്ട ഈ അഭ്യര്‍ത്ഥനയെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്നാട്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുടെയും നിലപാടുകള്‍ കോടതിയില്‍ പരിശോധിക്കപ്പെട്ടു. 2025 നവംബര്‍ 20-ന് കോടതി വിധി പ്രസ്താവിച്ചു.
ഗവര്‍ണറുടെ വിവേചനാധികാരം ഭരണഘടനാപരമായി നിലനില്‍ക്കുന്നുവെന്നും അതിന് സമയപരിധി ചുമത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. ഗവര്‍ണറുടെയോ രാഷ്‌ട്രപതിയുടെയോ അംഗീകാരമില്ലാതെ ‘ദീംഡ് അസ്സന്റ്’ പ്രഖ്യാപിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും വിധി നിര്‍ണ്ണയിച്ചു. ചുരുക്കത്തില്‍, ഏപ്രില്‍ 8-ന് മുന്‍പുള്ള ഭരണഘടനാപരമായ അവസ്ഥയിലേക്കാണ് സാഹചര്യങ്ങള്‍ മിക്കവാറും മടങ്ങിയെത്തിയത്.
എന്താണ് നേടിയത്?
ഏപ്രില്‍ 8-ന് മുന്‍പുണ്ടായിരുന്നതുപോലെ, ഇപ്പോഴും സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണറുടെ കാലതാമസം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാം. എന്നാല്‍, പ്രത്യേക തര്‍ക്കങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന പദവികള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരങ്ങളെ ചുരുക്കാന്‍ സുപ്രീം കോടതിക്കു പോലും സാധ്യമല്ല. നവംബര്‍ 20-ലെ നിരീക്ഷണത്തിന്റെ കാതല്‍ ഇതുതന്നെയാണ്.
ഗവര്‍ണര്‍ പദവിയെ ആശയക്കുഴപ്പങ്ങള്‍ കൊണ്ട് മൂടുകയും ഗവര്‍ണര്‍മാരെ വ്യക്തിപരമായി കേന്ദ്രീകരിച്ച് സമരരൂപങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അഖണ്ഡതയെ ആധാരമാക്കിയ ഫെഡറല്‍ രീതികളെ ദുര്‍ബലപ്പെടുത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗം ഇതുതന്നെയാണ്. ക്ഷയിക്കപ്പെടുന്നത് രാഷ്‌ട്രശരീരം തന്നെയാകും.
ഏപ്രില്‍ 8-ലെ ഡിവിഷന്‍ ബഞ്ച് വിധി യഥാര്‍ത്ഥത്തില്‍ നിയമനിര്‍മ്മാണത്തിലെ കാലതാമസം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അതിന്റെ അമിതവ്യാഖ്യാനമാണ് സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിന് ഇളക്കം വരുത്തിയത്. ഭരണഘടനാ ബഞ്ചിന്റെ നവംബര്‍ 20-ലെ വിധി ആ വ്യതിചലനത്തെയാണ് തിരുത്തിയത്. രാജ്യത്തിന്റെ എതിരാളികള്‍ പ്രതീക്ഷിച്ചിരുന്ന ആയുധം അതോടെ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
നിസ്സാര നേട്ടമല്ല ഈ പുനഃസ്ഥാപനം. നിയമപരമായ തിരുത്തല്‍ മാത്രമല്ല; ഇനിയൊരിക്കലും വഴുതിപ്പോകാത്ത രാഷ്‌ട്രീയ നേട്ടം കൂടിയാണിത്. ഫെഡറല്‍ തത്വങ്ങളെ ഉറപ്പിക്കാന്‍ വകുപ്പ് 143 വിനിയോഗിച്ച ഭരണപാകത അത്യുന്നതമാണ്. ആവശ്യസമയത്ത് റിപ്പബ്ലിക്കിനുവേണ്ടി കാട്ടിയ ഏറ്റവും ഉയര്‍ന്ന ഉത്തരവാദിത്തബോധമായി ഇതിനെ വിലയിരുത്തണം.