• Thu. Feb 13th, 2025

24×7 Live News

Apdin News

വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചു; എതിർത്ത് പ്രതിപക്ഷ പാർട്ടികൾ, ലോക്സഭ ബഹളത്തിൽ മുങ്ങി

Byadmin

Feb 13, 2025


ന്യൂദൽഹി: വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോർട്ട് അംഗീകരിച്ചത്. 40 ഭേദഗതികളുമായാണ് ബില്ല് ഇന്ന് പാർലമെൻ്റിലെത്തിയത്. ബിജെപിയുടെ മേധാ വിശ്വം കുൽക്കർണി റിപ്പോർട്ട് മേശപ്പുറത്ത് വച്ചു. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന 1995 ലെ വഖഫ് നിയമം പുനഃപരിശോധിക്കുന്നതിനാണ് വഖഫ് ഭേദഗതി ബിൽ ലക്ഷ്യമിടുന്നത്.

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വ്യാജ ജെപിസി റിപ്പോർട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതസ്വാതന്ത്ര്യവും മൗലികാവകാശവും ലംഘിക്കുന്ന വഖഫ് ഉന്മൂലന ബില്ലാണിതെന്ന് എംപിമാർ വാദിച്ചിരുന്നു. 231 പേജുകളുള്ള വിയോജനക്കുറിപ്പാണ് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി നൽകിയത്. എന്നാൽ ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയെന്നും 16 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 10 എംപിമാർ എതിർത്തുവെന്നും ജെപിസി ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞു.

ലോക് സഭയിൽ അവതരിപ്പിക്കാനായി നടപടി ക്രമങ്ങളിലേക്ക് കടന്നതോടെ പ്രതിപക്ഷം എതിർപ്പുമായി രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് ചോദ്യോത്തര വേള അടക്കം സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തുകയും ചെയ്തു. തുടർന്ന് രണ്ട് മണിവരെ സഭാ നടപടികൾ നിർത്തിവച്ചു.



By admin