
പട്ന : മുസ്ലീം പ്രീണനത്തിന് വേണ്ടി വഖഫ് നിയമം ചവറ്റുകൊട്ടയിൽ എറിയുമെന്ന് തേജസ്വി യാദവ് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഈ പ്രസ്താവനയ്‌ക്കെതിരെ വൻ വിമർശനവും ഉയർന്നിരുന്നു. ഇപ്പോഴിതാ തേജസ്വി യാദവിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബരേൽവി.
പാർലമെന്റ് പാസാക്കിയ നിയമം കീറി എറിയുന്നതിനെക്കുറിച്ചും സുപ്രീം കോടതിയുടെ അന്തസ്സിനെ അപമാനിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്ന ഏതൊരാളും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിക്കുകയാണെന്ന് ഷഹാബുദ്ദീൻ റസ്വി ബരേൽവി പറഞ്ഞു. അത്തരമൊരു വ്യക്തിക്ക് അധികാരത്തിലിരിക്കാൻ അവകാശമില്ല.
വഖഫ് നിയമം ആദ്യം പാസാക്കിയത് ലോക്സഭയും രാജ്യസഭയും ആണ് .അതിൽ വരുത്തിയ ഭേദഗതികൾ സുപ്രീം കോടതിയും അംഗീകരിച്ചു . അതിനാൽ, ഈ നിയമം കീറിമുറിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് പാർലമെന്റിനെ മാത്രമല്ല, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെയും അപമാനിക്കുന്നതാണ്.
വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈവശപ്പെടുത്തിയവരെയാണ് തേജസ്വി യാദവ് പിന്തുണയ്‌ക്കുന്നത് . പാവപ്പെട്ട മുസ്ലീങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട ഈ ഭൂമിയിൽ നിന്നുള്ള വരുമാനം ഭൂമാഫിയ പോക്കറ്റിലാക്കുകയാണ്.
തേജസ്വി യാദവിന് വഖഫ് നിയമങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ച് അറിയില്ല . തിരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മാത്രമാണ് അദ്ദേഹം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നത്. സത്യസന്ധരായ ആളുകളെ ഭീഷണിപ്പെടുത്തുകയും നിയമം ലംഘിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ഏതൊരാളും രാജ്യത്തിന്റെ ഐക്യത്തിനും നീതിന്യായ വ്യവസ്ഥയ്‌ക്കും ഭീഷണിയാണ്. ‘ – മൗലാന ഷഹാബുദ്ദീൻ റസ്വി ബരേൽവി പറഞ്ഞു