ഡൽഹി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രിംകോടതിയിൽ മുസ്‍ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാൻ എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ കപിൽ സിബലിനെ സന്ദർശിച്ച് പാർട്ടിക്ക് വേണ്ടി നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു. ഈ വിഷയത്തിൽ ആദ്യമായി എന്നെ സമീപിച്ചത് ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗാണ്.
”സുപ്രിംകോടതിയിൽ ഈ വിഷയം എത്തിക്കാൻ മുസ്‍ലിം ലീഗ് കാണിച്ച താൽപര്യത്തെ അഭിനന്ദിക്കുന്നു. വഖഫിന്‍റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്‍റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്‍ലിം ലീഗ് ഈ കേസിനെ കണ്ടത്. ഇത് ഭരണഘടനയും രാജ്യത്തിന്‍റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. മുസ്‍ലിം ലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നു” കപിൽ സിബൽ പറഞ്ഞു.
ഏത് പാതിരാത്രിയിലും കയറിവരാൻ പറ്റുന്ന ഇടമാണ് കപിൽ സിബലിന്‍റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ചർച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയിൽവെച്ച് അദ്ദേഹത്തെ കാണുകയും നിയമ പോരാട്ടം ആലോചിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്‍ലിം ലീഗ് എം.പിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏൽപിച്ചത്. മുസ്‍ലിംലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹം സുപ്രിംകോടതിയിൽ ഹാജരായി.- ഹാരിസ് ബീരാൻ കൂട്ടിച്ചേര്‍ത്തു.