വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്‍. ലോക്സഭാംഗവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജയാണ് വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തമിഴ്നാട്ടില്‍ ഏകദേശം 50 ലക്ഷം വരുന്ന മുസ്ലിങ്ങളുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ 20 കോടി മുസ്ലിങ്ങളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഭേദഗതി നിയമം എന്ന് ഹര്‍ജിയില്‍ പറയുന്നു. ജെപിസിയിലും പാര്‍ലമെന്ററി ചര്‍ച്ചയിലും അംഗങ്ങള്‍ ഉന്നയിച്ച ഗുരുതരമായ എതിര്‍പ്പുകള്‍ പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ വ്യക്തമാക്കുന്നു.
വഖഫ് നിയമഭേദഗതി നിയമത്തിനെതിരെ നേരത്തേ കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി, ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.