വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി നാളെ (ഏപ്രിൽ 16 ബുധൻ) വൈകുന്നേരം 3 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയായിരിക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ പാർലിമെന്റിൽ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ എം.പിമാരിൽ പ്രധാനിയാണ് അമരീന്ദർ സിംഗ് രാജാ വാറിംഗ്. നേരത്തെ പഞ്ചാബ് സർക്കാറിൽ ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം രാജ്യത്തെ ശ്രദ്ധേയനായ യുവനേതാവാണ്. 2014 മുതൽ 2018 വരെ ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് എം.പിമാർ, ദേശീയ-സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.
വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ബസ്സുകളിലും വാഹനങ്ങളിലുമായി കോഴിക്കോട്ടെത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽനിന്നിറങ്ങി ചെറു പ്രകടനങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. വഖഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിക്കും. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന മുദ്രാവാക്യങ്ങൾ മാത്രമാണ് റാലിയിൽ വിളിക്കേണ്ടതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പവിത്രമായ അവകാശത്തിന് വേണ്ടിയുള്ള സോദ്ദേശ്യ സമരമെന്ന നിലയിൽ മുസ്‌ലിംലീഗിന്റെ മാന്യതക്കും അന്തസ്സിനും നിരക്കുന്ന രീതിയിൽ അച്ചടക്കത്തോടെയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കേണ്ടതെന്ന് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മഹാറാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലങ്ങളിൽ വാഹന പര്യടനങ്ങൾ നടന്നു. ഇന്ന് (ഏപ്രിൽ 15 ചൊവ്വ) പ്രാദേശിക കേന്ദ്രങ്ങളിൽ വിളംബര ജാഥകൾ നടക്കും. നാളെ രാവിലെ തന്നെ കോഴിക്കോട്ട് ലക്ഷ്യമാക്കി ജനസഞ്ചയം ഒഴുകും. ഉച്ചയോടെ നഗരത്തിലേക്കുള്ള വഴികൾ ജനനിബിഡമാകും. ഗതാഗത നിയന്ത്രണത്തിന് പോലീസ് നിർദേശ പ്രകാരം പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതി പിൻവലിക്കുക എന്ന ആവശ്യമുയർത്തിയാണ് മുസ്‌ലിംലീഗ് തെരുവിൽ പ്രതിഷേധിക്കുന്നത്. വഖഫ് ബില്ലിന്റെ ചർച്ചയിൽ പാർലിമെന്റിന്റെ ഇരു സഭകളിലും മുസ്‌ലിംലീഗ് എം.പിമാർ ശക്തമായ വാദമുഖങ്ങളാണ് ഉയർത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായാണ് ബില്ലിനെ എതിർത്തത്. എന്നാൽ ഭൂരിപക്ഷത്തിന്റെ ബലത്തിൽ സർക്കാർ ബിൽ പാസ്സാക്കുകയായിരുന്നു. ഇതേതുടർന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെ കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭത്തിലൂടെ സർക്കാറിനെ തിരുത്തുക എന്ന ലക്ഷ്യവുമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്.