തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ മുസ്ലിം സംഘടനകളും വഖഫ് ബില്ലിനെ പിന്തുണച്ച് കേരളത്തിലെ ക്രൈസ്തവ സമൂഹവും ശക്തമായി രംഗത്തെത്തിയതോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പ്രതിസന്ധിയിലായി. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ വഖഫ് ബില്ലിനെ എതിര്‍ക്കരുതെന്ന് കെസിബിസി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും എംപിമാര്‍ ആശങ്കയിലാണ്. ഇന്ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹില്‍ പ്രസംഗിച്ച പാളയം ഇമാം വഖഫ് നിയമ ഭേദഗതിയെ എല്ലാവരും ചേര്‍ന്ന് പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മുസ്ലിംലീഗ് എംപിമാര്‍ ബില്ലിനെ എതിര്‍ക്കുമെന്നുറപ്പായിക്കഴിഞ്ഞു. സിപിഎമ്മും ബില്ലിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് വാങ്ങി വിജയിച്ച കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എംപിമാര്‍ ഇക്കാര്യത്തില്‍ മൗനത്തിലാണ്. വഖഫ് ബില്ലിനെ പിന്തുണയ്‌ക്കുമെന്ന് പരസ്യമായി പറഞ്ഞ കോട്ടയം എംപിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്ജിന് മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ കെസിബിസി അടക്കം പരസ്യ നിലപാട് സ്വീകരിച്ചതോടെ കേരളാ എംപിമാര്‍ക്ക് വ്യക്തമായ തീരുമാനം എടുക്കേണ്ട സാഹചര്യം സംജാതമായിട്ടുണ്ട്.
നാളെ ദല്‍ഹിയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ചില വ്യവസ്ഥകളെ അനുകൂലിക്കണമെന്ന നിലപാട് ഒരു വിഭാഗം എംപിമാര്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ ഇക്കാര്യത്തിലെ കൂടുതല്‍ ചിത്രം വ്യക്തമാകും.