വഖഫ് ബില്ലിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് കാണിച്ചത് തികഞ്ഞ കാടത്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. വലിയ അഹങ്കാരമാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കാണിച്ചത്. അതുകൊണ്ട് തന്നെ ആയിരിക്കാം പാര്‍ലമെന്റ് ചരിത്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റകെട്ടായി നിന്നു ശക്തമായി നടത്തിയ ചെറുത്ത് നില്‍പ്പോടെ പ്രക്ഷുബ്ദമായ അന്തരീക്ഷത്തിന് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്.
നമുക്കെല്ലാം അറിയാവുന്നത് പോലെ ജെ.പി.സി ഉണ്ടാക്കുന്നത് തന്നെ ബന്ധപ്പെട്ട എല്ലാവരോടും നേരില്‍ കണ്ട് സംസാരിച്ചു അക്കാര്യത്തിലുള്ള വികാരവിചാരങ്ങളും സത്യങ്ങളും എല്ലാം മനസ്സിലാക്കി ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനാണ്. എന്നാല്‍ അതിന് ജെ.പി.സി പരിശ്രമിച്ചതേയില്ല, ഇല്ലെന്നു മാത്രമല്ല പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്നിരുന്ന പല തെറ്റുകള്‍ക്കും പുല്ലു വില പോലും കല്പിക്കാതെ കൂടുതല്‍ അപകടകരമായ വിധത്തില്‍ ആണ് അവര്‍ രൂപപ്പെടുത്തി എടുത്തിട്ടുള്ളതെന്ന് പല മേഖലയില്‍ നിന്നുള്ള അറിവ് പ്രകാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ്.- ഇ.ടി പറഞ്ഞു.
വഖഫ് സ്വത്തുക്കളുടെ കയ്യേറ്റത്തില്‍ ഇവിടെ ഗവണ്മെന്റ് വളരെ വലിയ ആവേശം കാണിച്ചു, കയ്യേറിയ ആ വഖഫ് സ്വത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ ആണത്. ഏറ്റവും വലിയ കയ്യേറ്റക്കാര്‍ ഗവണ്മെന്റ് തന്നെയാണ്. ഗവണ്മെന്റ് സ്ഥാപനങ്ങള്‍ പലതും നില നില്‍ക്കുന്നത് വഖഫ് സ്വത്തുക്കളിലാണ്. അതിനെ സംരക്ഷിക്കാന്‍ വേണ്ടി തങ്ങളുടെ കയ്യേറ്റത്തെ വെള്ളപൂശാന്‍ വേണ്ടിയുള്ള ഒരു അജണ്ടയും ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് വലിയ ആവേശം കാണിക്കുന്നത്. ഇന്ന് ഞങ്ങള്‍ ലോകസഭയിലും രാജ്യസഭയിലും, ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടു വന്നു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ ഇരു സഭകളും പിരിയുകയായിരുന്നു. ഞങ്ങള്‍ ശക്തമായ പോരാട്ടം ഇതിനെതിരെ നടത്തും. നിയമപരമായും മറ്റു മാര്‍ഗത്തിലുള്ള പ്രതിഷേധവും ഇക്കാര്യത്തില്‍ ഉയര്‍ത്തും. – ഇ.ടി വ്യക്തമാക്കി.