കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്‌ലിം ലീഗിൻ്റെ ദേശീയ നേതൃയോഗത്തിൽ തീരുമാനം. രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മെയ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.
ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. ഇതോടനുബന്ധിച്ച് ഏപ്രിൽ 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തിയതി അതാത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും ..മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്‌ലിം ലീഗ് എം പി മാരെയും ചുമതലപ്പെടുത്തി.
രണ്ടാം മോദി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന സി എ എ ക്ക് സമാനമായ നിയമമാണ് മൂന്നാം മോദി സർക്കാറിന്റെ വഖഫ് ബില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതര ജനാധിപത്യ ശക്തികളെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയർന്ന് വരുമെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഇന്ന് കടന്നു കയറുന്നത് നാളെ മറ്റ് മത ന്യൂനപക്ഷ ൾക്കു നേരെ ഇതാവർത്തിക്കും.
സംവരണമടക്കമുള്ള ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബിൽ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്.വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവിൽ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.
നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ ക്രൈസ്തവ സ്നേഹത്തിൻ്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി പി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം പി, ഡോ: എം കെ മുനീർ എം എൽ എ,നവാസ് ഗനി എം പി, ഹാരിസ് ബീരാൻ എം പി, ദസ്തഗീർ ആഖ, ഖുർറം അനീസ് ഉമർ ,സി കെ സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.