• Thu. Apr 3rd, 2025

24×7 Live News

Apdin News

വഖഫ് ബിൽ ഭേദഗതി ബി.ജെ.പി യുടെ വർഗ്ഗീയ അജണ്ട : മുസ്‌ലിം യൂത്ത് ലീഗ്

Byadmin

Apr 3, 2025


കോഴിക്കോട് : പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗീയ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഭരണഘടനയെ നിരന്തരമായി പിച്ചിച്ചീന്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. വഖഫ് ഭേദഗതി ബില്ലിൻ്റെ പിന്നിലും ഭരണഘടനാ ലംഘനമാണ് വ്യക്തമാകുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിൻ്റെ തനിപകർപ്പാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ തുടരാനുള്ള സംഘ്പരിവാറിൻ്റെ ഒളി അജണ്ടയുടെ ഭാഗമാണിതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യ പരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിൻ്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുവാണ് വഖഫ് സ്വത്തുക്കൾ. 1954 ലാണ് വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചത്. ഈ നിയമം റദ്ദാക്കി 1995 ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമം വന്നു. 2013 ലെ ഭേദഗതി പ്രകാരമാണ് ഇപ്പോൾ വഖഫ് ബോർഡുകൾ പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം 1995 ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളിലാണ് കാതലായ മാറ്റം വരുത്തുന്നത്. വഖഫ് ബോർഡുകളുടെ അധികാര പരിധി കുറക്കുകയും വഖഫ് സ്വത്ത് കയ്യടക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ തുടർന്നു. വഖഫ് ട്രൈബ്യൂണലിലെ ഒരംഗം ഇസ്ലാമിക പണ്ഡിതനായിരിക്കണം എന്ന വ്യവസ്ഥയും റദ്ദാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് ഭാവിയിൽ മറ്റു ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിടുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ ഭേദഗതി പ്രകാരം വഖഫ് ബോർഡിനുള്ള പല അധികാരങ്ങളും ഇല്ലാതാവുകയും ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി. ഭരണഘടനയെ പച്ചയായി വെല്ലുവിളിക്കുന്ന ഈ നീക്കത്തിനെതിരെ മതേതര മനസ്സുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

By admin